കൊച്ചി|
aparna shaji|
Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (08:34 IST)
ഡി വൈ എഫ് ഐ നേതാവ് കറുകപ്പിള്ളി സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ജുബി പൗലോസ് എന്നയാൾ രംഗത്ത്. തിരുവനന്തപുരത്ത് നിന്നും സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷൻ ആണെന്നും ഇതു തീർത്തില്ലെങ്കിൽ ഇനി വരുന്ന പ്രത്യാഘാതങ്ങൾ ഇതിലും വലുതായിരിക്കുമെന്നും സിദ്ദിഖ് ഭീഷണിപ്പെടുത്തിയതായി ജുബി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ജുബി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഗുണ്ടകളെ ഒതുക്കുന്നതിനായി കേരള പൊലീസ് രൂപീകരിച്ച സിറ്റി ടാക്സ് ഫോഴ്സിന്റെ ആദ്യ കേസിൽ തന്നെ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉയർന്നിരിക്കുന്നത് ശ്രദ്ധേയം35 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ഷീല തോമസ് എന്ന വ്യക്തിയോടൊപ്പം താൻ ഒരു വ്യവസായ സ്ഥാപനം തുടങ്ങിയിരുന്നു. മൂന്ന് വർഷമായിരുന്നു കരാർ. എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോൾ അവർ കരാറിൽ നിന്നും പിൻമാറുകയും സ്ഥാപനത്തിൽ നിന്നും ഒഴിഞ്ഞു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. കേസ് കോടതിയിലെത്തിയെങ്കിലും വിധി തനിക്ക് അനുകൂലമായിരുന്നു.
വിധി തനിക്ക് അനുകൂലമായതിനു ശേഷം സിദ്ദിഖും കൂട്ടരും തന്നെ ഭീഷണിപ്പെടുത്തി. സ്ഥാപനം ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സമ്മതിക്കാതെ വന്നപ്പോൾ പല തവണ ഒത്തുതീർപ്പിനായി അവർ തന്നെ വന്നു കണ്ടു. കളമശേരി ഏരിയ കമ്മിറ്റി ഓഫീസിലെ സെക്രട്ടറി സക്കീർ ഹുസൈനുമായും കൂടിക്കാഴ്ച നടത്തി.
കരാർ തുടരാൻ അനുവദിക്കില്ലെന്നും വേണമെങ്കിൽ പത്തോ പന്ത്രണ്ടൊ നൽകാമെന്നുമായിരുന്നു ചർച്ചയിൽ അവർ പറഞ്ഞത്. ഭയം മൂലമാണ് ഇതുവരെ വിവരങ്ങൾ ഒന്നും പറയാതിരുന്നതെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്നുമാണ് ജിബു നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.