കൊച്ചി|
സജിത്ത്|
Last Modified ശനി, 9 ഏപ്രില്‍ 2016 (14:48 IST)
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയിലും ബി ജെ പി സ്ഥാനാര്‍ഥിയും ക്രിക്കറ്റ്താരവുമായ ശ്രീശാന്ത് മലയാള സിനിമയില്‍ നായകവേഷമണിയുന്നു. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ടീം ഫൈവ് എന്ന ചിത്രത്തിലാണ് ശ്രീശാന്ത് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് താല്‍ക്കാലികമായി പാക്കപ്പ് പറഞ്ഞ് ശ്രീശാന്ത് ഇപ്പോള്‍ സിനിമാഭിനയത്തിലാണ്.
കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന തനിക്ക് അഭിനയം ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് താരത്തിന്റെ പക്ഷം. പിതാവ് ശാന്തകുമാരന്‍ നായര്‍ സ്വിച്ച് ഓണ്‍കര്‍മം നിര്‍വഹിച്ച ക്യാമറക്ക് മുന്നില്‍ തന്റെ ആദ്യമലയാള ചിത്രത്തിലേക്ക് ശ്രീശാന്ത് ചുവടുവച്ചു. ചിത്രത്തില്‍ ബൈക്ക് അഭ്യാസിയായ അഖില്‍ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്.
അഭിനയത്തിരക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. നാല് ദിവസത്തെ ഷൂട്ടിന് ശേഷം കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറാണ് ശ്രീശാന്തിന്റെ തീരുമാനം. ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ട ശ്രീശാന്ത് ആദ്യമായാണ് മലയാളത്തില്‍ മുഖം കാണിക്കുന്നത്. ഈ ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് ശ്രീയുടെ നായിക.