കോട്ടയം|
Rijisha M.|
Last Modified വ്യാഴം, 31 മെയ് 2018 (11:09 IST)
കോട്ടയത്ത് പ്രണയവിവാഹത്തെ തുടർന്ന് ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയ കെവിന്റെ മരണത്തിൽ പൊലീസിന് സജീവ പങ്കാളിത്തമുണ്ടെന്ന് വ്യക്തമായി. കെവിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതു നീനുവിന്റെ പിതാവ് ചാക്കോയും സഹോദരൻ സാനുവും ചേർന്നാണ്. എന്നാൽ ഇവരടക്കമുള്ള ഗുണ്ടാസംഘങ്ങൾക്ക് പൊലീസ് നൽകിയ പിന്തുണ വ്യക്തമാക്കുന്ന 14 തെളിവുകൾ ലഭിച്ചതോടെ എഎസ്ഐ ബിജു, പൊലീസ് പട്രോൾ സംഘത്തിലെ ഡ്രൈവർ അജയകുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഇന്നലെ രാവിലെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
ഇവർക്കെതിരെ ശക്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. തട്ടിക്കൊണ്ടുപോകുമ്പോൾ പരിസരത്തുണ്ടായ പട്രോൾ സംഘത്തിന്റെ സാന്നിധ്യവും ഏതാനും പേരുടെ മൊഴികളും തെളിവിന് ശക്തികൂട്ടുന്നു. എസ് ഐ പതിനായിരം രൂപ കൈക്കൂലി വാങ്ങിയതായും മൊഴിയുണ്ട്. ഏറ്റുമാനൂർ സ്‌റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് ഡ്രൈവർ അജയകുമാർ ഇറങ്ങിയോടുകയും മറ്റ് പൊലീസുകാർ പിടികൂടുകയുമായിരുന്നു.
കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം ആസൂത്രണം ചെയ്‌തതിലും തുടർന്നുണ്ടായ സംഭവത്തിലും പൊലീസിന് പങ്കുണ്ടായിരുന്നു എന്നതിന്റെ തെളിവാണിത്. കെവിനും അനീഷിനുമൊപ്പം ഞായറാഴ്ച പുലർച്ചെ ഒരുമണി വരെ അവരുടെ സുഹൃത്തുക്കൾ മാന്നാനത്തെ വീട്ടിലുണ്ടായിരുന്നു. ഇവർ പോയ വിവരം അക്രമികളെ അറിയിച്ചതും പൊലീസ് പട്രോൾ സംഘമാണെന്നാണു പുതിയ വെളിപ്പെടുത്തൽ.