സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (16:37 IST)
സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്തും. ഭക്ഷണ സാധനങ്ങള്‍, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കും.
ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വെള്ളം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം ആറു മാസത്തിലൊരിക്കല്‍ വെള്ളം പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പുതന്നെ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പാചകപ്പുര, പാത്രങ്ങള്‍ എന്നിവയുടെ വിശദ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.