കൊച്ചി|
jibin|
Last Modified ശനി, 23 മെയ് 2015 (09:10 IST)
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ നിര്‍ണായകമായ ആദ്യ സമ്പൂര്‍ണ എക്സിക്യുട്ടീവ് യോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് മൂന്നുമണിക്കു യോഗം ചേരുന്ന യോഗത്തില്‍ ധനമന്ത്രി മന്ത്രി കെഎം മാണിക്കും എക്‍സൈസ് മന്ത്രി കെ ബാബുവിനും നേരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശും യോഗത്തില്‍ ചേരും.
ശക്തമായ ചേരിതിരിവും തര്‍ക്കങ്ങളും നിലനില്‍ക്കുന്നതിനിടയിലാണ് യോഗം ചേരുന്നത്. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശിനെ പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പിരിച്ചെടുത്ത പണം എങ്ങനെ വിനയോഗിച്ചുവെന്നും ആര്‍ക്കാണ് പണം വീതിച്ച് നല്‍കിയതെന്നും വ്യക്തമാക്കണമെന്ന് മറു വിഭാഗവും ആവശ്യപ്പെട്ടേക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ നയം മറികടന്ന് ബാറുകളുടെ കാര്യത്തില്‍ ഒരു അനുകൂല വിധിയും കോടതിയില്‍ നിന്നുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായതിനാല്‍ അസോസിയേഷന്‍ ആര്‍ക്കെല്ലാം പണം നല്‍കിയെന്ന് ഒറ്റക്കെട്ടായി വിളിച്ചുപറയണമെന്നാണ് ഈ വിഭാഗത്തിന്‍റെ ആവശ്യം.
എന്നാല്‍ 42 അംഗ എക്സിക്യൂട്ടീവില്‍ ഇക്കുറി പലരും പലപക്ഷത്താണ്. ബിജു രമേശിന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടരും ഡി രാജ്കുമാര്‍ ഉണ്ണിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും രണ്ടായി പിളരുകയും ചെയ്തു. ഔദ്യോഗിക വിഭാഗം വ്യക്തിതാല്‍പര്യങ്ങള്‍ക്കായി അസോസിയേഷന്‍റെ പൊതുവായ താല്‍പര്യം ബലികഴിച്ചുവെന്നാണു വിഘടിച്ചുനില്‍ക്കുന്നവരുടെ വാദം. അസോസിയേഷന്‍റെ യോഗത്തിലെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ബാര്‍ കോഴയ്ക്കു തെളിവാക്കിയ ബിജുരമേശിനോടും ഔദ്യോഗിക വിഭാഗത്തില്‍ നിന്നു വിഘടിച്ചുനില്‍ക്കുന്നവര്‍ക്കു യോജിപ്പില്ല.