aparna shaji|
Last Modified ചൊവ്വ, 28 ജൂണ്‍ 2016 (17:54 IST)
നാടകാചാര്യന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ലോകനാടക വേദിയിൽ കേരളത്തിന്റെ ശബ്ദം കേൾപ്പിച്ച് നാടകത്തെ വേറിട്ടൊരു പാതയിലേക്ക് നയിച്ച കാവാലം നാരായണപണിക്കർക്ക് ജന്മനാടിന്റെ യാത്രയയപ്പ്. ചെറിയ കുരുന്നുകളുടെ കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി ഓരോ മലയാളികളുടെയും നെഞ്ചിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന കാഴ്ചയാണ്.
അദ്ദേഹത്തിന്റെ മകനായ കാവാലം ശ്രീകുമാറാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കുട്ടനാട്ടിലെ പിച്ചവെച്ച മുറ്റത്ത് ഒരു പിടി കനലായി അദ്ദേഹം എരിഞ്ഞടങ്ങുമ്പോൾ കണ്ണുനീർ ഇറ്റുവീഴുന്ന മുഖവുമായി യാത്രയയ്ക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. ഇനിയില്ല അദ്ദേഹം, എന്നാൽ ആ വാക്കുകളും വരികളും എന്നുമുണ്ടാകും നമ്മുടെ ഓർമകളിൽ. മരിക്കാതെ... മറയാതെ...
പാട്ടിന്റെ നാടൻ വഴിയും നാടന്‍ താളവും നാടകത്തിന്റെ അനുപമലോകങ്ങളും മലയാളിയ്ക്ക് സമ്മാനിച്ച പദ്മഭൂഷന്‍ കാവാലം നാരായണപണിക്കര്‍ ഇനി ഒരോർമ മാത്രം. ഈ ലോകത്തിന് അദ്ദേഹം സമ്മാനിച്ച വാക്കുകൾ പാട്ടുകൾ ഇതിലൂടെ അദ്ദേഹം ഇനിയും ജീവിക്കും. ഓർമകളിലൂടെ. കാവാലം കേവലമൊരു വ്യക്തിയോ സ്ഥലപ്പേരോ അല്ല, അതൊരു പ്രസ്താനമാണ്, പ്രതിഭാസമാണ്.
കാവാലം എന്ന് പറയുമ്പോൾ വിശേഷണങ്ങൾ ഒഴുകിയെത്തുന്നുവെങ്കിൽ അതിന്റെ കാരണം അദ്ദേഹത്തിന്റെ വാക്കുകളും സാഹിത്യ രചനകളുമാണ്. മണ്ണിന്റെ മണമറിഞ്ഞ സാഹിത്യകാരനാണ് കാവാലം. മരിക്കാത്ത ഓർമകളായി അദ്ദേഹത്തിന്റെ നടകരചനകൾ എന്നും നമ്മുടെ ഇടയിൽ ഉണ്ടാകും.
സമ്പന്നതയുടെ മുകളില്‍, അധികാരത്തിന്‍റെയും പ്രൌഢിയുടേയും നടുവില്‍ പിറന്ന ചാലയില്‍ തമ്പുരാക്കന്മാരില്‍ ഏറെ വ്യത്യസ്തനായിരുന്നു നാരായണപ്പണിക്കര്‍. ഞാറ്റുപാട്ടും കളപ്പാട്ടും പൊലിപ്പാട്ടുമാണ് കാവാലത്തിന്റെ താളവും രാഗവും. നാടന്‍ സംസ്കാരത്തിന്‍റെ പാരമ്പര്യത്തിന്‍റെ പൈതൃകം തുടര്‍ജീവിതത്തെ സമ്പന്നമാക്കി. കാവാലത്തെ കൊയ്ത്തുപാട്ടും പമ്പയുടെ താളവും നെല്ലളക്കുന്നവരുടെ ഈണത്തിലെ കണക്കെടുപ്പും സ്വാംശീകരിച്ചതാണ് കാവാലത്തിന്റെ നാടകജീവിതം.