തിരുവനന്തപുരം|
jibin|
Last Updated:
ശനി, 15 ഏപ്രില്‍ 2017 (20:29 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്.
എല്ലാം ശരിയെന്നു പറയുന്ന പാർട്ടിയല്ല സിപിഐ എന്നാൽ ശരിയെന്നു തോന്നുന്നത് ചെയ്യും. ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ മുന്നണിയിലെത്തിയത്. ആരുടേയും മുഖം നോക്കിയല്ല പാർട്ടി അഭിപ്രായം പറയുന്നത്. പാർട്ടി നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആർജവം ആർക്കുമില്ല. സിപിഐയുടെ നിലപാടുകൾ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്നും കാനം പറഞ്ഞു.
ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ നേരിടണം. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റിന് ചേരില്ല. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നവരാണ് സിപിഐ എന്നും കാനം വ്യക്തമാക്കി.
നേരത്തെ സിപിഐക്കെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ശത്രുക്കള്‍ക്ക് മുതലെടുക്കുന്നതിനുള്ള സാഹചര്യം ഇടത് നേതാക്കള്‍ തന്നെ ഉണ്ടാക്കരുതെന്നായിരുന്നു സിപിഐയെ ഉന്നം വെച്ച് കോടിയേരി പറഞ്ഞത്.
പ്രതിപക്ഷത്തിന് ആയുധമാക്കാൻ സാധിക്കുന്ന തരത്തിലുള്ള വാക്കോ പ്രവർത്തിയോ മുന്നണിയിലെ ഒരു ഘടകക്ഷികളിൽനിന്നും ഉണ്ടാകരുത്.
കഴിഞ്ഞ പതിനൊന്ന് മാസങ്ങള്‍ കൊണ്ട് ഇടതുസര്‍ക്കാര്‍ വലിയ നേട്ടമുണ്ടാക്കി. അഴിമതിരഹിത ഭരണത്തിന് തുടക്കം കുറിക്കാനും ഈ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നും കോടിയേരി നേരത്തെ അഭിപ്രായപ്പെട്ടത്.