തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 19 നവംബര്‍ 2017 (10:44 IST)
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഐ-സിപിഎം തർക്കത്തിൽ നിലപാട് മയപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് ഒറ്റക്കെട്ടാണെന്നും ആരുതന്നെ വിചാരിച്ചാലും എൽഡിഎഫിൽ ഒരുതരത്തിലുള്ള വിള്ളലുകളുമുണ്ടാക്കാന് കഴിയില്ലെന്നും കാനം പറഞ്ഞു. വിദേശസന്ദർശനത്തിനുശേഷം തിരിച്ചെത്തിയ കാനം, തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
എല്‍ഡിഎഫ് യോഗത്തിലെടുത്ത തീരുമാനമാണ് അന്ന നടപ്പിലാക്കിയത്. കാബിനറ്റ് യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്കരിക്കുകയല്ല, പങ്കെടുക്കാതിരിക്കുകയാണ് ചെയ്തതെന്നും കാനം പറഞ്ഞു. പാര്‍ട്ടി തീരുമാനപ്രകാരമാണ് മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. കെ.ഇ.ഇസ്മയില്‍ മറിച്ച് പറഞ്ഞത് എന്തുകൊണ്ടാണെന്നും അറിയില്ലെന്നും കാനം പറഞ്ഞു.
ഓരോ പാർട്ടിക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടായിരിക്കും. അത് മുന്നണി ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു. സിപിഐ മുന്നണി മര്യാദ ലംഘിച്ചെന്ന മുഖ്യമന്ത്രിയുടെയും കോടിയേരിയുടേയും കുറ്റപ്പെടുത്തലിനെ, എന്താണ് മുന്നണി മര്യാദയെന്ന കാര്യത്തിൽ ചർച്ച നടത്തണമെന്ന വാദം കൊണ്ടാണ് കാനം നേരിട്ടത്. അതേസമയം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎമ്മും സിപിഐയും. ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും.