aparna|
Last Modified വെള്ളി, 10 നവംബര്‍ 2017 (12:24 IST)
എം കെ കെ നായർ അവാർഡ് വിവാദത്തിൽ കലാമണ്ഡലം ഹേമലതയ്ക്ക് മറുപടിയുമായി എഴുത്തുകാരൻ ലിജീഷ്കുമാർ. മഞ്ജു വാര്യരും ജയറാമും അടങ്ങുന്ന ചില ചലച്ചിത്ര പ്രവർത്തകർ കലാകാരികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്നുവെന്ന ഹേമലതയുടെ വാക്കുകൾ ഏറെ വിവാദമായിരുന്നു. ഇതിനു മറുപടിയായ്ഇ ലിജീഷ് കുമാർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ലിജീഷ് കുമാറിന്റെ പോസ്റ്റിന്റെ പൂർണരൂപം:
നിങ്ങൾ കലാമണ്ഡലം മഞ്ജുവാര്യരാണോ ? പ്ലീസ്, B ഗ്രേഡ് ആർട്ടിസ്റ്റുകൾ ദയവായി പുറത്ത് നില്ക്കണം !
പ്രിയ കലാമണ്ഡലം ഹേമലത,
'ആരോടും പരിഭവമില്ലാതെ' എന്നൊരു പുസ്തകമുണ്ട്. മാഡം അത് വായിച്ചിട്ടുണ്ടോ? നിങ്ങളെപ്പോലുള്ളവർക്ക് തരേണ്ടതുണ്ട് എന്ന് താങ്കളവകാശമുന്നയിച്ച എം.കെ.കെ.നായർ അവാർഡില്ലേ, ആ മനുഷ്യന്റെ - എം.കെ.കെ.നായരുടെ ആത്മകഥയാണത്. ആരോടും പരിഭവമില്ലാതെ കടന്നുപോയൊരാളുടെ. എന്ന് കരുതി അദ്ദേഹത്തിന്റെ പേരിൽ തർക്കിക്കരുത് എന്നൊന്നും ഇപ്പറഞ്ഞതിനർത്ഥമില്ല.
എം.കെ.കെ.നായർ അവാർഡിന് യോഗ്യ മഞ്ജുവാര്യരല്ല, അത് കലാമണ്ഡലത്തിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് നല്കണമെന്ന വാദമുന്നയിക്കേണ്ടത് കലാകാരികളുടെ അഭിവൃദ്ധിക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന വുമണ്‍ പെര്‍ഫോര്‍മിങ് ആര്‍ട്സ് അസോസിയേഷൻ തന്നെ. നിങ്ങൾക്ക് തീർച്ചയായും തർക്കിക്കാം - വിഷയത്തിലിടപെടാം. പലപ്പോഴും തങ്ങളുണ്ട് എന്ന് ലോകത്തെ അറിയിക്കാൻ പോലും തർക്കങ്ങൾ ഉപകാരപ്രദമാണ്.
ശരി, നമുക്ക് എം.കെ.കെ.നായരിലേക്ക് മടങ്ങി വരാം. സേലം അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ എം.കെ.കെ.നായർ, നെഹ്രു മുതൽ എസ്.കെ.പൊറ്റക്കാട് വരെ നാനാതുറയിലുള്ളവർക്ക് പ്രിയപ്പെട്ട ഐ.എ.എസ് ആപ്പീസറായിരുന്നു. FACT യുടെ പ്രഗത്ഭനായ മാനേജിങ്ങ് ഡയറക്‌ടറായിരുന്നു. 1966 മുതൽ 1971 വരെ ചെയർമാനായി എം.കെ.കെ.നായരിരുന്ന 5 വർഷങ്ങൾ കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ നിർണ്ണായകമാണ്. അക്കാലത്താണ് ആദ്യമായി നമ്മുടെ കഥകളി സംഘം യൂറോപ്പിൽ പര്യടനം നടത്തുന്നത്. കഥകളിയെ ലോകമറിയുന്നത് ഈ പര്യടനത്തിലൂടെയാണ്.
എം.കെ.കെ.നായർ IAS എന്ന ബ്യൂറോക്രാറ്റിന്റെ പേരിൽ കേരള കലാമണ്ഡലം ഒരവാർഡേർപ്പെടുത്തിയത് അദ്ദേഹം കലാമണ്ഡലത്തിൽ പഠിച്ചതുകൊണ്ടോ പഠിപ്പിച്ചതുകൊണ്ടോ അല്ല. കലയെ സ്നേഹിച്ചതുകൊണ്ടാണ്. മഞ്ജുവാര്യർ എന്ന ലേഡി സൂപ്പർസ്റ്റാർ ചെയ്തതും അതാണ്. സാറ്റലൈറ്റ് വാല്യു ഉള്ള മലയാളത്തിലെ ഒന്നാംനമ്പർ അഭിനേത്രിയാണവർ.
കൈ നിറയെ പടങ്ങളുമായി സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കോടുന്നതിനിടയിലും അവർ നൃത്തവേദികളിൽ സജീവമാണ്. നമ്മുടെ കാഴ്ചകളിലേക്കുള്ള അവരുടെ തിരിച്ച് വരവു പോലും നൃത്തത്തിലൂടെയായിരുന്നു. നൃത്തം അവരുടെ പോരാട്ടത്തിന്റെ പ്രതീകമാണ്. വർഷങ്ങൾക്കു മുമ്പ് അവരാദ്യമായി നമ്മുടെ മുന്നിലെത്തുന്നത് സ്കൂൾ കലോത്സവങ്ങളിലെ നൃത്ത വേദികളിലൂടെയായിരുന്നു, ഓർക്കുന്നില്ലേ ആ പഴയ മഞ്ജുവാര്യരെ ?
കലാതിലകപ്പട്ടമൊക്കെ പലകുറി നേടിയിട്ടുണ്ട്, പക്ഷേ ഈ മഞ്ജുവാര്യർ അത്ര വരേണ്യയല്ല. ഒരു കുറച്ചിലുണ്ട് - ഈ പോളിടെക്നിക്കിൽ, സോറി : കലാമണ്ഡലത്തിൽ പഠിച്ചിട്ടില്ല. കലയെ സ്നേഹിച്ചിട്ടെന്ത്, കലാമണ്ഡലത്തിൽ പഠിക്കണ്ടെ. കലയെ ജനകീയമാക്കിയിട്ടെന്ത്, കലാമണ്ഡലത്തിൽ പഠിക്കണ്ടെ ! അല്ലാത്തവരത്രെ B ഗ്രേഡ് ആർട്ടിസ്റ്റുകൾ !!
എനിക്കറിയാവുന്നൊരു മഞ്ജുവാര്യരുണ്ട്. എന്റമ്മ ആഗ്രഹിച്ചിട്ടും നേടാതെ പോയത് എന്നിലൂടെ നേടുകയായിരുന്നു, ഞാനെന്ന നർത്തകി അവരുടെ ആഗ്രഹപൂർത്തിയാണ് എന്ന് പറയാറുള്ള മഞ്ജുവാര്യർ. ചെടി പൂക്കുന്ന പോലെയോ കടൽ വെള്ളം മഴയാവുന്നത് പോലെയോ ആണ് നൃത്തമെന്ന് പറഞ്ഞ മഞ്ജുവാര്യർ. നൃത്തം ചെയ്യാനാഗ്രഹിക്കുന്നെങ്കിൽ, അത് ചെയ്യൂ - ചിലങ്കകൾ കിലുങ്ങാനുള്ളതാണ് കരയാനുള്ളതല്ല എന്ന് പറഞ്ഞ മഞ്ജുവാര്യർ. കലാമണ്ഡലം മഞ്ജുവാര്യരല്ല, സിനിമാക്കാരി മഞ്ജുവാര്യർ.
എന്റെ ഹേമലതാ മാഡം, തറവാട്ടു മഹിമയിൽ അഭിരമിക്കുന്ന കുട്ടിക്കാലം കഴിഞ്ഞ് പോയത് കൊണ്ടാവണം നിങ്ങളഭിമാനത്തോടെ ഘോഷിക്കുന്ന കലാകാരന്മാരുടെ ഈ ഔദ്യോഗികത്തറവാട് എന്നിലൊരു ചലനവുമുണ്ടാക്കാത്തത്. വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്ന് രൂപീകരിച്ച പഴയ കലാമണ്ഡലത്തെക്കുറിച്ചല്ല, പത്തെൺപത്തിരണ്ട് കൊല്ലത്തിന് ശേഷം നമുക്ക് പറയാനുള്ളത് കേരള കലാമണ്ഡലം എന്ന ഡീംഡ് യൂണിവേഴ്സിറ്റിയെപ്പറ്റിയാണ്. അവിടെ നിന്ന് കോഴ്സ് കഴിഞ്ഞിറങ്ങുന്നവർ ഔദ്യോഗിക്കാരാണ്.
കൊടൈക്കനാലിലെത്തുന്ന സായിപ്പന്മാർക്കു പിറകേ, " പ്ലീസ്, ഐ ആം ആൻ ഓദറൈസ്ഡ് ഗൈഡ്" എന്നും പറഞ്ഞോടുന്ന ജഗതിയെ കണ്ടത് ജനുവരി ഒരു ഓർമ്മ എന്ന പടത്തിലാണ്. പേരിനൊപ്പം കലാമണ്ഡലമെന്ന വിലാസവും ചേർത്ത്, ഐ ആം ആൻ ഓദറൈസ്ഡ് ഡാൻസർ എന്ന് വിലപിച്ചുള്ള ഈ നെട്ടോട്ടമുണ്ടല്ലോ, ഈ പരിഭവം പറച്ചിൽ - അതിനെ വൃത്തികേടാക്കുന്നത് തറവാടിത്ത ഘോഷണം തന്നെ.
സിനിമാക്കാർ കലാകാരന്മാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരരുത് എന്ന താങ്കളുടെ ഉപദേശം ഞാനിരുന്ന് വായിക്കുകയായിരുന്നു. മാഡം, പിച്ചയെടുക്കുന്നവരുടെ ചട്ടിയിൽ കൈയിട്ട് വാരരുത് എന്നാണല്ലോ അങ്ങ് പറഞ്ഞത്, കൂടെ പറയട്ടെ - ഏമാന്മാരുടെ കതകിങ്കൽ മുട്ടി എനിക്കവാർഡ് തരൂ എന്ന് വിലപിച്ച് പിച്ചയെടുത്തിട്ടല്ല നമ്മുടെ കലാകാരന്മാർ ചരിത്രത്തിലിടം നേടിയത്. അതു മറക്കരുത്.