തിരുവനന്തപുരം|
aparna shaji|
Last Modified വ്യാഴം, 20 ഏപ്രില്‍ 2017 (07:35 IST)
മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ലയാണെന്ന് മന്ത്രി കെടി ജലീല്‍. മലപ്പുറത്തെ വോട്ടര്‍മാര്‍ക്കെതിരെ പരാമര്‍ശം നടത്തിയ കടകംപള്ളി സുരേന്ദ്രനെ തള്ളിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു - മുസ്ലീം വിഭാഗങ്ങള്‍ സ്‌നേഹത്തോടെ കഴിയുന്ന പ്രദേശമാണ് മലപ്പുറമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടകം പള്ളി സുരേന്ദ്രന്‍ അങ്ങനെ പറയുമെന്ന് കരുതില്ലെന്നും ജലീല്‍ വ്യക്തമാക്കി. നേരത്തെ മലപ്പുറത്തെക്കുറിച്ചുളള മന്ത്രി കടകംപളളി സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്ലിംലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിരുന്നു.
മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്നും ഇ അഹമ്മദിനെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ചുമന്നാണ് പ്രചാരണ വേദികളില്‍ കൊണ്ടുവന്നിരുന്നതെന്നുമായിരുന്നു മന്ത്രി കടകംപളളിയുടെ പ്രസ്താവന. ഇത് വിവാദമായതിനെ തുടര്‍ന്ന് മന്ത്രി വിശദീകരണവും നല്‍കിയിരുന്നു.