തരൂരിന്റെ കണ്ണ് മുഖ്യമന്ത്രി കസേരയില്‍, മുളയിലേ നുള്ളണം; കോണ്‍ഗ്രസില്‍ പോര് മുറുകുന്നു, ചരടുവലിച്ച് സുധാകരന്‍

എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിലപാടിലേക്ക് ശശി തരൂര്‍ എത്തിയത്

രേണുക വേണു| Last Updated: തിങ്കള്‍, 21 നവം‌ബര്‍ 2022 (12:58 IST)

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്ന ശശി തരൂരിനെതിരെ നീക്കങ്ങളുമായി കെ.സുധാകരന്‍ പക്ഷം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തരൂര്‍ മുഖ്യമന്ത്രി കസേരയാണ് ലക്ഷ്യമിടുന്നതെന്നും ആ മോഹം മുളയിലേ നുള്ളണമെന്നുമാണ് സുധാകരന്‍ പക്ഷത്തിന്റെ നിലപാട്. തരൂരിന് സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രമാദിത്തം ലഭിക്കാതിരിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.

എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിലപാടിലേക്ക് ശശി തരൂര്‍ എത്തിയത്. സംസ്ഥാനത്തെ പ്രബലരായ ഏതാനും നേതാക്കളും തരൂരിന് രഹസ്യ പിന്തുണ നല്‍കിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഈ നേതാക്കളുടെ നിലപാട്. അണികള്‍ക്കിടയിലും തരൂരിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് തരൂര്‍ മലബാര്‍ പര്യടനം നടത്തുന്നത്. തരൂര്‍ പങ്കെടുക്കാനിരുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടി കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് തടഞ്ഞത് വലിയ വിവാദമായി. ഇതിനു പിന്നില്‍ കെ.സുധാകരനാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ അതിനായി വേദി ഒരുക്കുകയോ ചെയ്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയുള്ളതായാണ് വിവരം. ദേശീയ, സംസ്ഥാന നേതൃത്വത്തിലെ പ്രബലരായ നേതാക്കളാണ് പരിപാടി തടയാന്‍ മുന്‍കൈയെടുത്തതെന്നാണ് തരൂര്‍ ക്യാമ്പിന്റെ വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :