ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരെ മന്ത്രി കെ സി ജോസഫ്

കൊച്ചി| JOYS JOY| Last Modified വെള്ളി, 24 ജൂലൈ 2015 (14:25 IST)
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ മന്ത്രി കെ സി ജോസഫ്. അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശം നിയമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്കിലാണ് മന്ത്രി ജസ്റ്റിസിനെതിരെ രംഗത്തെത്തിയത്. മന്ത്രി കെ സി ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

“അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ പരാമര്‍ശം നിയമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയുടെ തെളിവാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാത്ത ഒരു കേസില്‍ അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുവന്ന് കമന്റ് പറയാന്‍ അലക്സാണ്ടര്‍ തോമസിന് എന്താണ് അവകാശം ? കോടതിയുടെ മാന്യതയും അന്തസ്സും സംരക്ഷിക്കാന്ന് ജഡ്ജിമാര്‍ക്കും ചുമതലയില്ലേ ? പബ്ലിസിറ്റി ക്രേസ് എല്ലാവരെയും
ബാധിച്ചാല്‍ എന്തു ചെയ്യും.

കമന്റ് പറഞ്ഞവരുടെ പൂര്‍വ്വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ അറിയാതെ ഓരിയിട്ടു പോയാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ?

കേരളത്തിന്റെ താല്‌പര്യങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ആരുടെയും അനുമതി ആവശ്യമില്ല. മുകുള്‍ റോഹ്‌ത്താഗി ഇന്ത്യയുടെ അറ്റോര്‍ണി ജനറലാണ്. ഇന്ത്യ എന്ന് പറഞ്ഞാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഉള്‍പ്പെട്ടതാണെന്ന് ഹൈക്കോടതി ജഡ്‌ജിക്ക് അറിഞ്ഞു കൂടാത്ത കാര്യമാണോ ?

ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രഗവണ്‍മെന്റിന് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ നയപരമായ തീരുമാനങ്ങള്‍ കേന്ദ്രനയങ്ങള്‍ക്ക് വിരുദ്ധമാകാത്ത കാലത്തോളം ഒരു സംസ്ഥാനത്തിനെതിരായ കേസില്‍ സ്വകാര്യ വ്യക്തികള്‍ക്കു വേണ്ടി, അതും ബാര്‍ ഉടമസ്ഥര്‍ക്കു വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായത് ധാര്‍മ്മികമായും നിയമപരമായും ന്യായീകരിക്കാന്‍ കഴിയില്ല.

അറ്റോര്‍ണി ജനറലിന്റെ വക്താവായി
മാറിയ മാന്യദേഹം കേരളത്തിലെ അഡ്വക്കേറ്റ് ജനറലിനെ വെറുതെ വിട്ടില്ല. എജിയുടെ ഓഫീസിനെ കുറ്റപ്പെടുത്തേണ്ടത് ഓപ്പണ്‍ കോര്‍ട്ടിലാണ്. ചീഫ്
ജസ്റ്റിസ് മുഖേനയോ എ ജിയോട് നേരിട്ടോ പറയുന്നതല്ലായിരുന്നോ ഔചിത്യം. കലികാല വൈഭവം എന്നല്ലാതെ എന്തു പറയാന്‍?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :