തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ശനി, 10 ഒക്‌ടോബര്‍ 2020 (09:23 IST)
ജലജീവന്‍ മിഷന്‍ പദ്ധതി വഴിയുള്ള സംസ്ഥാനത്തെ ആദ്യ കുടിവെള്ള കണക്ഷന്‍ ജില്ലയിലെ കുറ്റിച്ചല്‍ പഞ്ചായത്തില്‍ നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കര ഹെഡ് വര്‍ക്‌സ് ഡിവിഷനാണ് കുടിവെള്ള കണക്ഷന്‍ അനുവദിച്ചത്. കുറ്റിച്ചല്‍ പച്ചക്കാട് സ്വദേശി കെ.പി. മുഹമ്മദിനാണ് കേരളത്തില്‍ ജലജീവന്‍ മിഷന്‍ വഴിയുള്ള ആദ്യ കണക്ഷന്‍ ലഭ്യമായത്.
അരുവിക്കര ഡിവിഷനു കീഴില്‍ രണ്ടുദിവസം കൊണ്ട് കുറ്റിച്ചല്‍, അരുവിക്കര, പനവൂര്‍, പാങ്ങോട്, പുല്ലമ്പാറ പഞ്ചായത്തുകളിലായി 45 ജലജീവന്‍ കുടിവെള്ള കണക്ഷനുകളാണ് നല്‍കിയത്. ജലജീവന്‍ പദ്ധതി വഴി നടപ്പുസാമ്പത്തിക വര്‍ഷം 21.42 ലക്ഷം ഗ്രാമീണ വീടുകള്‍ക്കാണ് കുടിവെള്ളം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ഭരണാനുമതി ലഭിച്ച 16.48 ലക്ഷം കണക്ഷനുകളാണ് ഇപ്പോള്‍ നല്‍കിത്തുടങ്ങുന്നത്.
വയനാട് ഡിവിഷനു കീഴില്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലായി മൂന്ന് ആദിവാസി കുടുംബങ്ങള്‍ക്ക് ആദ്യ കണക്ഷന്‍ നല്‍കി. മൂന്നു കുടുംബങ്ങള്‍ക്കുമായുള്ള കണക്ഷന്റെ പ്രവര്‍ത്തനാനുമതി എംഎല്‍എമാരായ ഐ. സി ബാലകൃഷ്ണന്‍, കെ. കേളു എന്നിവര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി. പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ജലജീവന്‍ വഴി കുടിവെള്ള കണക്ഷന്‍ അനുവദിച്ചു.