ഐടിഐ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; സിപിഎം നേതാവ് അറസ്‌റ്റില്‍

 ITI Student , Ranjith murder case , Ranjith , police , സരസന്‍പിള്ള , സിപിഎം , രഞ്ജിത് , പെണ്‍കുട്ടി , രഞ്ജിത്
കൊല്ലം| Last Updated: വ്യാഴം, 7 മാര്‍ച്ച് 2019 (16:28 IST)
ഐടിഐ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയായ സിപിഎം നേതാവ് അറസ്‌റ്റില്‍. സിപിഎം അരിയല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയെ ആണ് ചവറ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്‌റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കൊല്ലം അരിനെല്ലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത് (18). സംഭവശേഷം സരസന്‍പിള്ള ഒളിവില്‍ പോയി.

രഞ്ജിത് ആശുപത്രിയില്‍ കഴിയുമ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സരസന്‍പിള്ള ശ്രമം നടത്തിയെങ്കിലും വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ കേസുമായി മുന്നോട്ട് പോകുകയായിരുന്നു. രഞ്ജിത്ത് മരണപ്പെട്ടതിന് ശേഷം
കേസിലെ ഒന്നാം പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ വിനീതിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വീട്ടില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തനിക്ക് പെണ്‍കുട്ടിയെ അറിയില്ലെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

തലയ്ക്കും ഇടുപ്പിനും അടക്കം ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ കൊല്ലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോധരഹിതനായി. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞതോടെ ആരോഗ്യനില വഷളാകുകയായിരുന്നു.

പിന്നീട് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയില്ലെന്ന് തെളിഞ്ഞിരുന്നു. തലയിൽ മാരകമായ അടിയേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് രഞ്ജിത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :