തിരുവനന്തപുരം/ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (17:46 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ കുപ്പിയിലാക്കണമെന്ന ആഗ്രവുമായി ഡല്‍ഹിയില്‍ പറന്നിറങ്ങിയ മുന്‍ മുഖ്യമന്ത്രിയും എ ഗ്രൂപ്പിന്റെ അധിപനുമായ ഉമ്മന്‍ ചാണ്ടിക്ക് ഹൈക്കമാന്‍ഡില്‍ നിന്ന് ലഭിച്ചത് കൈപ്പേറിയ അനുഭവം. മുഖ്യമന്ത്രി പദമുണ്ടായിരുന്നപ്പോള്‍ ഹൈക്കമാന്‍ഡിനെ വിറപ്പിച്ചു നിര്‍ത്തിയ ഉമ്മന്‍ചാണ്ടിക്ക് ഇനിയുള്ള കാലം അത്ര നല്ലതായിരിക്കില്ല എന്നാണ് ഈ ഡല്‍ഹി യാത്ര തെളിയിച്ചിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതോടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റുവാങ്ങി പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൈമാറിയ ഉമ്മന്‍ചാണ്ടിക്ക് പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഐ ഗ്രൂപ്പില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ ജയമറിഞ്ഞതോടെ എ ഗ്രൂപ്പ് ചെന്നിത്തലയ്‌ക്കായി വഴിമാറി കൊടുക്കുകയായിരുന്നു.
പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ചെന്നിത്തലയ്‌ക്കും വഴിമാറിക്കൊടുത്ത ഉമ്മന്‍ ചാണ്ടിക്കും ഒരു ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എങ്ങനെയും സുധീരനെ കെപിസിസി സ്ഥാനത്തു നിന്നും ചവിട്ടി പുറത്താക്കുക തുടര്‍ന്ന് ഗ്രൂപ്പുകളുടെ ആശിര്‍വാദത്തോടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയെ എത്തിക്കുക. എന്നല്‍, ഇത്തവണ
ഹൈക്കമാന്‍ഡിന് മുന്നില്‍ ജയിച്ചത് സുധീരനായിരുന്നു.
തോല്‍വിക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ അടി രൂക്ഷമാകുകയും ചെയ്‌തതോടെ ഉമ്മന്‍ ചാണ്ടിക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് എകെ ആന്റണിയും സുധീരന് പിന്നില്‍ നിലയുറപ്പിച്ചതോടെ ഉമ്മന്‍ ചാണ്ടി പത്തിമടക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച സ്ഥാനമാനങ്ങള്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി വാദിച്ച് നശിപ്പിക്കരുതെന്ന് ഐ ഗ്രൂപ്പ് നിര്‍ദേശം ലഭിച്ചതിനാല്‍ ഡല്‍ഹിയിലെത്തിയ
ചെന്നിത്തല നിശബ്‌ദതയും പാലിച്ചതോടെ മുന്‍ മുഖ്യമന്ത്രി രാജ്യവും പരിവാരങ്ങളുമില്ലാത്ത രാജാവിനെ പോലെയായി.