തിരുവനന്തപുരം|
Last Modified ചൊവ്വ, 29 ജനുവരി 2019 (13:46 IST)
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി ലോക്‍നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ചൈത്രയെ ന്യായീകരിക്കുന്ന തരത്തിലുള്ളതാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്.
പരിശോധന സംബന്ധിച്ച് എസ്‌പി കോടതിക്ക് സേർച്ച് മെമ്മോറാണ്ടം നൽകിയിരുന്നുവെന്നും ഒപ്പം ജനറൽ ഡയറിയിൽ എഴുതിയിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ പിടിക്കാനാണു തിരുവനന്തപുരം സിറ്റി ഡിസിപിയുടെ ചുമതലയുണ്ടായിരുന്നു ചൈത്ര വ്യാഴാഴ്ച രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ കയറി പരിശോധിച്ചത്.
കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജില്ലാ കമ്മിറ്റി ഓഫിസിലുണ്ടെന്നു കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നാണ് എസ്‌പിയുടെ വാദം.