പണമുണ്ട്, എന്തൊക്കെയാണ് ചെയ്യേണ്ടത്? നിങ്ങൾക്ക് നിർദേശിക്കാം: ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശം ആരാഞ്ഞ് ഇന്നസെന്റ് എംപി

ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നിർദേശിക്കാം: ഇന്നസെന്റ്

aparna shaji| Last Modified ഞായര്‍, 12 മാര്‍ച്ച് 2017 (11:45 IST)
അടുത്ത സാമ്പത്തിക വര്‍ഷം എംപി ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ എന്തൊക്കെ ചെയ്യണമെന്നതിനെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി ഇന്നസെന്റ് എംപി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്നസെന്റ് ജനങ്ങളോട് നിർദേശങ്ങൾ ആരായുന്നത്.

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അടുത്ത സാമ്പത്തിക വർഷം എം പി ഫണ്ട് ഉപയോഗിച്ച് എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് കൂട്ടായി തീരുമാനിക്കാം. 2017-18 വർഷത്തിൽ ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികൾ നിങ്ങൾക്ക് നിർദേശിക്കാം. അതിനർത്ഥം അവരവരുടെ നാട്ടിലെ ആവശ്യങ്ങൾ ഓരോന്നായി നൽകണമെന്നല്ല. മണ്ഡലത്തിനാകെ പ്രയോജനപ്പെടേണ്ട ഒറ്റ പദ്ധതിയാണ് നിർദ്ദേശിക്കേണ്ടത്.

ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക- പശ്ചാത്തല മേഖലകളിൽ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ കഴിയുന്നവയും ഏറ്റവും താഴെ തട്ടിലുള്ള ജനതയുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം ഉണ്ടാക്കാൻ കഴിയുന്നതുമായ പദ്ധതികളാണ് നമുക്ക് വേണ്ടത്. ഇത്തരത്തിലുള്ള പുതുപുത്തൻ ആശയങ്ങൾ നിങ്ങളുടെ മനസിലുണ്ടാകും. അവ എനിക്കു നൽകുക. 5 കോടി രൂപയാണ് എം.പി ഫണ്ടായി ലഭിക്കുക. ഇതിൽ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങൾക്കും 37.5 ലക്ഷം പട്ടിക വർഗ വിഭാഗങ്ങൾക്കുമുള്ള പദ്ധതികൾക്കായി മാറ്റി വക്കണം.

ബാക്കിയുള്ള 3.75 കോടിയോളം രൂപയാണ് ജനറൽ വിഭാഗ പദ്ധതികൾക്കായി ലഭിക്കുക. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള ഒരോരോ പദ്ധതികൾ നിർദേശിക്കാവുന്നതാണ്. ഒന്നിലധികം പദ്ധതികളും തരാം. മികച്ചത് തെരഞ്ഞെടുത്ത് നടപ്പാക്കും. നിർദ്ദേശിച്ചയാൾക്ക് പുരസ്കാരവും നൽകും. നിങ്ങളുടെ നിർദ്ദേശങ്ങൾ മാർച്ച് 31ന് മുമ്പായി എം.പി ഓഫീസ്, സെന്റ് ജോർജ്ജ് ബസിലിക്കയ്ക്ക് സമീപം, അങ്കമാലി പി.ഒ, ഫോൺ: 0484 2452644 /[email protected] എന്നീ വിലാസങ്ങളിൽ അയക്കുക.

ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ എം.പി ഫണ്ടുപയോഗിച്ച് ആസ്തി നിർമ്മാണം ആണ് ഏറ്റെടുക്കാനാവുക. കഴിഞ്ഞ വർഷങ്ങളിൽ എം പി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്. 'ശ്രദ്ധ കാൻസർ പ്രതിരോധ പദ്ധതി'യിലെ 5 മാമോഗ്രാം യൂണിറ്റുകൾ, ഡയാലിസിസ് യൂണിറ്റുകൾ, 'Go Smart' - സ്മാർട്ട് സ്കൂൾ പദ്ധതി, സുരക്ഷിത യാത്ര - സുന്ദരയാത്ര' പദ്ധതി, പിന്നോക്ക - ദളിത്- ആദിവാസി മേഖലകൾക്കുള്ള കുടിവെള്ള പദ്ധതികൾ, നാട്ടു വെളിച്ചം പദ്ധതി, താലൂക്ക് - പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം മാറ്റം കുറിക്കുന്നതായിരുന്നു.

ഒരു കാര്യത്തിൽ നിർബന്ധവുമുണ്ടായിരുന്നു. സ്വകാര്യ മേഖലയുടെ വികസനത്തിന് പൊതുപണം ചെലവഴിക്കില്ല എന്നതായിരുന്നു അത്. ഈ കാഴ്ചപ്പാടോടെ പുതിയ നിർദ്ദേശങ്ങൾ നിങ്ങൾ നൽകണമെന്ന് അഭ്യർത്ഥന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :