അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 11 മാര്‍ച്ച് 2025 (17:17 IST)
സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്ര വയലറ്റ് സൂചിക രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ വെയില്‍ നേരിട്ടേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത് ജോലി ചെയ്യുന്നവരും ചര്‍മ, നേത്ര രോഗങ്ങള്‍ ഉള്ളവരും കാന്‍സര്‍ പോലെ ഗുരുതര രോഗങ്ങള്‍, പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം.
മാര്‍ച്ച് പകുതിക്ക് ശേഷം സൂര്യന്‍ ഉത്തരാര്‍ധഗോളത്തില്‍ പ്രവേശിക്കുന്നത് മൂലമാണ് അള്‍ട്ര വയലറ്റ് രശ്മികളുടെ സാന്നിധ്യം ഉയരുന്നത്. ഇവ തുടര്‍ച്ചയായി ഏല്‍ക്കുന്നത് ചര്‍മ രോഗങ്ങള്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സൂര്യതാപത്തിനും കാരണമാകും. പകല്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി,കുട, സണ്‍ ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മറയുന്ന കോട്ടണ്‍ വസ്ത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
അതേസമയം ഈയാഴ്ച സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെന്ന്
കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശമിക്കുന്നതോടെ ചൂട് വീണ്ടും കൂടും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് പെട്ടെന്ന് കൂടുന്നത് താപസൂചിക വര്‍ധിപ്പിക്കുകയാണ് ചെയ്യുക. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്.