'ഉള്ളില്‍ ഞെട്ടിക്കുന്ന വിവരങ്ങളോ'; ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളോടു വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു

Hema Commission Report
രേണുക വേണു| Last Modified ബുധന്‍, 24 ജൂലൈ 2024 (16:40 IST)
Hema Commission Report

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് വൈകിട്ട് മൂന്ന് മണിക്കു പുറത്തുവിടാനിരിക്കെയാണ് കോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളോടു വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. അതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പറ്റില്ല.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പൊതുതാല്‍പര്യമില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് വിവരാവകാശ കമ്മീഷന്‍ തീരുമാനമെടുത്തതെന്നും വിവരാവകാശ നിയമമനുസരിച്ച് വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :