തെക്കൻ ജില്ലകളിൽ കനത്ത മഴ; പമ്പയിൽ ജലനിരപ്പുയർന്നു, ഇടുക്കിയിൽ മണ്ണിടിച്ചിൽ, കടകളിൽ വെള്ളം കയറി; ജാഗ്രതാ നിർദേശം

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Last Modified വെള്ളി, 19 ജൂലൈ 2019 (14:26 IST)
സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നലെ മുതലാണ് മഴ കനത്തത്. വാഗമണ്‍ തീക്കോയി റോഡില്‍ മണ്ണിടിഞ്ഞു. ഇവിടെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

പാംബ്ല അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ വൈകിട്ട് ഉയര്‍ത്തും. ഇടുക്കിയില്‍ നാളെയും റെഡ് അലര്‍ട്ട് തുടരുമെന്നാണ് അറിയുന്നത്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് തീവ്ര മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജിയോളജില്ലക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാത് വില്ലേജുകളില്‍ ക്യാംപുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ തകരുകയും പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകാത്തതുമായ വീടുകളിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ അതാത് വില്ലേജില്‍ ക്യാംപുകള്‍ തുറന്ന് താമസിക്കുന്നതിനുള്ള സാഹചര്യം ചെയ്ത് കൊടുക്കേണ്ടതാണെന്നും താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നില്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :