തോമസ് ഐസക്കുള്ളപ്പോള്‍ ഗീത എന്തിന് ?; മോദി നയങ്ങളെ പുകഴ്‌ത്തുകയും ഇടതു താല്‍പ്പര്യങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന ഈ സാമ്പത്തിക വിദഗ്ധ പിണറായിക്ക് തലവേദനയുണ്ടാക്കുമോ ?

ആനുകൂല്യങ്ങള്‍ ഇല്ലാതെയാണ് ഗീതയേയും മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നത്

pinarayi vijayan , mk damodaran , geetha , economic expert പിണറായി വിജയന്‍ , സി പി എം , ഗീതാ ഗോപിനാഥ്
തിരുവനന്തപുരം| jibin| Last Updated: ശനി, 23 ജൂലൈ 2016 (21:10 IST)
എം കെ ദാമോദരന്‍ വിഷയം എല്‍ ഡി എഫ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതും സര്‍ക്കാരിന് പുതിയ തലവേദനയുണ്ടാക്കുമെന്ന് സൂചന. ഇടതു സാമ്പത്തിക നയങ്ങള്‍ക്ക് വിരുദ്ധമായി നിലപാടുകള്‍ സ്വീകരിക്കുകയും നരേന്ദ്ര മോദിയുടെ വികസന നയങ്ങളെ പുകഴ്‌ത്തുകയും ചെയ്യുന്ന ഗീതയുടെ നിലപാടുകള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയേക്കും.

ദാമോദരനെ നിയമിച്ചതുപോലെ തന്നെ ആനുകൂല്യങ്ങള്‍ ഇല്ലാതെയാണ് ഗീതയേയും മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നത്. സാമ്പത്തിക വിദഗ്ധനെന്ന് പേരെടുത്ത ധനമന്ത്രി ഡോ. തോമസ് ഐസക്കും സംസ്ഥാനം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രനുമുള്ളപ്പോഴാണ് ഈ നിയമനമെന്നതാണ് സാഹചര്യം ഗുരുതരമാക്കുന്നത്. ആഗോളീകരണം, സ്വകാര്യവത്‌കരണം, നവഉദാരീകരണം എന്നീ നയങ്ങളെ മുറുകെ പിടിക്കുന്ന വ്യക്തിയാണ് ഗീതയെന്നതാണ് ആക്ഷേപം. ഈ നയങ്ങള്‍ ഇടതു സര്‍ക്കാര്‍ എതിര്‍ക്കുന്നതുമാണ്.

ഗീത ഇതുവരെ സ്വീകരിച്ചിട്ടുള്ളത് വലതുപക്ഷ സാമ്പത്തിക നിലപാടുകളാണ്. ബിജെപി സര്‍ക്കാരിന്റെ ബജറ്റിനെ പുകഴ്‌ത്തുകയും ഇടതുപക്ഷം ദേശീയ തലത്തില്‍ എതിര്‍ത്തിരുന്ന, ഡീസല്‍ വില നിയന്ത്രണം എടുത്തകളഞ്ഞ മോദി സര്‍ക്കാര്‍ നിലപാടിനെ ഗീത പിന്തുണക്കുകയും ചെയ്‌തിരുന്നു. കൂടാതെ തൊഴിലുറപ്പ് പദ്ധതി നടപ്പാ‍ക്കരുതെന്നും പൊതുമേഖലകളിലെ തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ നടപ്പാക്കരുതെന്നും പൊതുമേഖലകളുടെ ഓഹരി വില്‍പ്പന വേഗത്തിലാക്കണമെന്നും അവര്‍ വാദിക്കുന്നുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതികളുമായി തോമസ് ഐസക്ക് എത്തുമ്പോള്‍ ഗീതയുടെ ഇടപെടല്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കും. ഇരുവരും വ്യത്യസ്ഥമായ നിലപാടുകള്‍ സ്വീകരിച്ചാല്‍ ആശയക്കുഴപ്പവും ഒപ്പം വിവാദങ്ങളുമുണ്ടാക്കും. നിലപാടുകളില്‍ വ്യതിചലിക്കാതെ അതില്‍ മുറുകെ പിടിക്കുന്ന മുഖ്യമന്ത്രിക്ക് അത്തരക്കാരിയായ സാമ്പത്തിക ഉപദേശക എത്തുമ്പോള്‍ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ വിവാദമുണ്ടാകുമെന്ന് വ്യക്തമാണ്.


കഴിഞ്ഞ ദിവസമാണ് ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിച്ചത്. രഘുറാം രാജന്‍, അരവിന്ദ് പനഗരിയ തുടങ്ങിയ സാമ്പത്തിക വിദഗ്ധരുടെ ഗണത്തില്‍ പെട്ട വ്യക്തിയാണ് കണ്ണൂര്‍ മയ്യില്‍ സ്വദേശി ടി വി ഗോപിനാഥിന്റെയും കുറ്റിയാട്ടിലെ വി സി വിജയലക്ഷമിയുടെയും മകളായ ഗീത.


38മത്തെ വയസിലാണ് ഹവാര്‍ഡില്‍ ഗീതാ സ്ഥിരം പ്രഫസറായത്. നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാസെന്നിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യാക്കാരിയാണ് ഇവര്‍. നേരത്തെ ഷിക്കാഗോ സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ അസിസ്‌റ്റന്റ് പ്രഫസറുമായിരുന്നു.
കൂടാതെ ധനസഹായങ്ങള്‍ തീരുമാനിക്കുന്ന ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉപദേഷ്‌ടക സമിതിയിലും അംഗമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :