ആയുധവും അധികാരവുമുളളതു കൊണ്ട് വലിയ ആളാണെന്ന് കരുതരുത്, സമൂഹത്തിന്റെ രോഗത്തെ ചികിത്സിക്കുന്നവരായി പൊലീസുകാര്‍ മാറണം: ജി സുധാകരന്‍

പൊലീസിന്റെ ദോഷങ്ങള്‍ അനുഭവിക്കുന്നത് സര്‍ക്കാരാണെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 1 മെയ് 2017 (10:48 IST)
കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം തിരുത്തലുകള്‍ ആവശ്യമാണെന്ന് മന്ത്രി ജി സുധാകരന്‍. അധികാരവും ആയുധവും കയ്യിലുള്ളതിനാല്‍ വലിയ ആളാണ് താനെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഏത് കുടുംബത്തില്‍ നിന്ന് വന്നവനും വകുപ്പിനോടും യൂണിഫോമിനോടുമുള്ള ബഹുമാനം കുറഞ്ഞുവരുന്ന അവസ്ഥയാണുള്ളത്. ഇതിന്റെ ദോഷങ്ങള്‍ സര്‍ക്കാരാണ് അനുഭവിക്കുന്നത്. സമൂഹത്തിന്റെ രോഗത്തെ ചികിത്സിക്കുന്നവരായി മാറുകയാണ് പൊലീസുകാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രോഗത്തെ ചികിത്സിക്കാന്‍ പൊലീസ് തയ്യാറായാല്‍ കുറ്റവാളികളുടെ എണ്ണം കുറയും. അതോടെ പൊലീസുകാരുടെ ജോലിയും കുറയും. സമൂഹത്തെ നന്നാക്കാതെ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോള്‍ പാളിച്ച സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ തന്നെ വേട്ടയാടുന്നുണ്ട്. പത്രക്കാര്‍ ശരിയായി എഴുതാന്‍ തുടങ്ങിയാല്‍ നാടുതന്നെ നന്നാകുമെന്നും മന്ത്രി പറഞ്ഞു.

ആധികാരികത ഇല്ലാത്ത കാര്യങ്ങളാണ് പത്രങ്ങളില്‍ വരുന്നത്. ഇതെല്ലാം ശരിയാണോ എന്ന് എഴുതുന്ന ആളുകളാണ് പരിശോധിക്കേണ്ടത്. ശരിയല്ലാത്ത കാര്യങ്ങളാണ് അസത്യമായി പ്രചരിപ്പിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല, കേരളീയ സമൂഹത്തിന്റെ സ്വാഭാവിക പരിശുദ്ധി വീണ്ടെടുക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :