വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (09:09 IST)
മലപ്പുറം:
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ആര്യാടൻ ഷൗക്കത്തിൽനിന്നും മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടേറ്റ്. നിലമ്പൂർ പാട്ടുത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സിബി വയലിൽ എന്നയാളിൽ നിന്നും പണം വാങ്ങിയത് സംബന്ധിച്ച് വിവരങ്ങൾ ആരായാനാണ് ഇഡി വിളിപ്പിച്ചത് എന്നാണ് വിവരം. ഇഡിയുടെ കോഴീക്കോട് ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിയ്ക്കും എന്നാണ് വിവരം. മെഡിക്കൽ എഞ്ചിനിയറിങ് സീറ്റുകൾ വാഗ്ദാനം ചെയ്ത സീറ്റുകൾ നൽകാതെ പണം തട്ടിയ കേസിൽ ജയിലായ ആളാണ് സിബി വയലിൽ. പലരിൽനിന്നുമായി സിബി വാങ്ങിയ പണം ആർക്കെല്ലാമാണ് നൽകിയത് എന്നത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ആര്യാടൻ ഷൗക്കത്തിൽനിന്നും മൊഴിയെടുത്തത് എന്നാണ് വിവരം. സീറ്റിന് വേണ്ടി സിബിയ്ക്ക് പണം നൽകിയ ആളുകൾ നൽകിയ പരാതിയിലാണ് ഇഡി തന്റെ മൊഴിയെടുത്തത് എന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.