എനര്‍ജി ഡ്രിങ്കുകള്‍ക്ക് പിടി വീണേക്കും, പരിശോധനകള്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം| VISHNU N L| Last Updated: ചൊവ്വ, 9 ജൂണ്‍ 2015 (17:02 IST)
ആരോഗ്യത്തിന് ഹാനീകരമായ രീതിയില്‍ ചേരുവകള്‍ ഉണ്ടെന്ന വാര്‍ത്തകളേത്തുടര്‍ന്ന് സംസ്ഥാനത്തു വില്‍പനയ്ക്കുള്ള എനര്‍ജി ഡ്രിങ്കുകള്‍ പരിശോധിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി വി ‌എസ് ശിവകുമാര്‍ ലാബുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഉന്മേഷം പകരാന്‍ അമിതമായ തോതില്‍ കഫീന്‍ നിറച്ച എനര്‍ജി ഡ്രിങ്കുകളാണ് കേരളത്തിലെത്തുന്നത് എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് തീരുമാനം.

കഫീനിന്‍റെ അനുവദനീയമായ അളവ് 40 എംഎല്‍ ആണ്. എന്നാല്‍ ഈ പാനീയങ്ങളില്‍ ഉള്ളത് 250 മുതല്‍ 400 എംഎല്‍ വരെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം പാനീയങ്ങള്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെയോ ഡ്രഗ് കണ്‍ട്രോളറുടെയോ പരിശോധനയില്ലാതെയാണു വിപണിയിലെത്തുന്നത്.
കഫീനു പുറമേ ടൊറീന്‍, ഗൊരാന തുടങ്ങിയ ഉത്തേജക മരുന്നുകളും ഇവയില്‍ അടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ എനർജി ഡ്രിങ്കുകളുടെ വില്‍പനയ്ക്കു കര്‍ശന നിയന്ത്രണം ഉണ്ട്. ചില രാജ്യങ്ങള്‍ ഇവയ്ക്കു നിരോധനവും ഏര്‍പ്പെടുത്തി കഴിഞ്ഞു. ലോകാരോഗ്യസംഘടന പൊതുജനാരോഗ്യത്തിന് എനര്‍ജി ഡ്രിങ്കുകളുടെ ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ചു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം മുന്‍‌നിര്‍ത്തിയാണ് പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :