വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2024 (20:44 IST)
സാധാരണഗതിയില്‍ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കള്‍ ചെറിയ വോള്‍ട്ടതകളില്‍ വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോള്‍ട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും, ചാലകങ്ങളായി മാറുകയും ചെയ്യും. ശാസ്ത്രീയമായി പറഞ്ഞാല്‍, ലോഹങ്ങള്‍ പോലുള്ള ചാലക വസ്തുക്കളില്‍, അവയുടെ ആറ്റങ്ങളിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് വൈദ്യുതി പ്രവാഹം സാധ്യമാക്കുന്നത്. ഇവയില്‍ നിന്ന് വ്യത്യസ്തമായി ഇന്‍സുലേറ്റിംഗ് മെറ്റീരിയലുകളിലെ ആറ്റങ്ങള്‍ക്ക് വളരെ ദൃഡമായി ബന്ധിപ്പിച്ച ഇലക്ട്രോണുകളാണുള്ളത്. അതിനാല്‍ത്തന്നെ അവ വൈദ്യുതി പ്രവാഹത്തെ പ്രതിരോധിക്കുന്നു. എന്നിരുന്നാലും, അനിശ്ചിതമായി വോള്‍ട്ടേജിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇന്‍സുലേറ്ററുകള്‍ക്കില്ല. മതിയായത്ര വോള്‍ട്ടേജ് പ്രയോഗിച്ചാല്‍, ഏതൊരു ഇന്‍സുലേറ്റിംഗ് മെറ്റീരിയലും ഒടുവില്‍ 'വൈദ്യുത മര്‍ദ്ദ'ത്തിന് കീഴടങ്ങും, ഇന്‍സുലേറ്റര്‍ ബ്രേക്ക്ഡൗണാവുകയും വൈദ്യുതിപ്രവാഹം സംഭവിക്കുകയും ചെയ്യും.

സാധാരണ ലോ ടെന്‍ഷന്‍ ലൈനില്‍ തട്ടിയാല്‍ ഷോക്കേല്‍പ്പിക്കാത്ത മുളന്തോട്ടി ഉന്നത വോള്‍ട്ടേജ് ലൈനുകളില്‍ അപകടകാരിയായി മാറാന്‍ ഇതാണ് കാരണം. വോള്‍ട്ടേജിന് ആനുപാതികമായ അളവില്‍ വൈദ്യുത പ്രതിരോധ ശേഷിയില്ലാത്ത ഏതൊരു വസ്തുവും വൈദ്യുതചാലകങ്ങളായി മാറാം എന്ന് സാരം. മുളയും മരക്കമ്പുകളും പോലുള്ള വസ്തുക്കളില്‍ ഈര്‍പ്പത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ ചെറിയ വോള്‍ട്ടേജില്‍ പോലും അവ ചാലക സ്വഭാവം കാട്ടാനിടയുണ്ട്. അതുകൊണ്ട് വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :