നിസ്സഹായയായ ആ കുഞ്ഞ് പ്രതികരിക്കാതെ ‘ആസ്വദിക്കുകയായിരുന്നു’വത്രേ!, പൊടിക്കുഞ്ഞുങ്ങളെ തൊട്ടാല്‍ ലൈംഗികസുഖം വരുന്നവരെ നിയമപരമായി തന്നെ നേരിടും: ഷിംന അസീസ്

തീയറ്ററിനകത്ത് അയാള്‍ ആ കുഞ്ഞിനോട് ‘പിതൃവാല്‍സല്യം’ കാണിക്കുകയായിരുന്നുവത്രേ!

അപർണ| Last Updated: തിങ്കള്‍, 14 മെയ് 2018 (11:06 IST)
എടപ്പാളിലെ തിയേറ്ററിൽ പത്ത് വയസ്സുകാരിയായ പെൺകുട്ടിയെ വ്യവസായി പീഡിപ്പിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഡോക്ടർ ഷിംന അസീസ്. കുട്ടികളോട് പോലും കാമപൂര്‍ത്തീകരണത്തിന് ഇറങ്ങിയിരിക്കുന്ന ആളുകളെക്കൊണ്ട് സമൂഹം നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മക്കള്‍ക്ക് നല്ല സ്പര്‍ശവും ചീത്ത സ്പര്‍ശവും പറഞ്ഞു കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഷിംന പറയുന്നു.

പൊടിക്കുഞ്ഞുങ്ങളെ തൊട്ടാല്‍ ലൈംഗികസുഖം വരുന്നവരെ നിയമപരമായി നേരിടുക തന്നെയാണ് വഴി.
നിസ്സഹായയായ ആ കുഞ്ഞ് പ്രതികരിക്കാതെ ‘ആസ്വദിക്കുകയായിരുന്നു’ എന്ന ഭീതിജനകമായ ന്യായീകരണവും സോഷ്യൽ മീഡിയകളിൽ വരുന്നുണ്ടെന്നും ഷിംന പറയുന്നു.

ഷിംനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സിനിമ തീയറ്ററിനകത്ത് അയാള്‍ ആ കുഞ്ഞിനോട് ‘പിതൃവാല്‍സല്യം’ കാണിക്കുകയായിരുന്നു എന്ന വിശദീകരണം കേട്ടു. നിസ്സഹായയായ ആ കുഞ്ഞ് പ്രതികരിക്കാതെ ‘ആസ്വദിക്കുകയായിരുന്നു’ എന്ന ഭീതിജനകമായ ന്യായീകരണവും സോഷ്യല്‍ മീഡിയയില്‍ വായിച്ചു. ചുറ്റുപാടുകളില്‍ സമാനമനസ്‌കരുടെ ആധിക്യമുണ്ടെന്ന സത്യം ഉള്‍ക്കൊണ്ടു കൊണ്ട് മക്കള്‍ക്ക് നല്ല സ്പര്‍ശവും ചീത്ത സ്പര്‍ശവും പറഞ്ഞ് കൊടുക്കേണ്ട, ആ ബോധം മനസ്സിലുറപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പൊടിക്കുഞ്ഞുങ്ങളെ തൊട്ടാല്‍ ലൈംഗികസുഖം വരുന്നവരെ നിയമപരമായി നേരിടുക തന്നെയാണ് വഴി. പലപ്പോഴും കുഞ്ഞിന്റെ ‘ഭാവിയെ’ കരുതി വീട്ടുകാര്‍ തന്നെ നിയമവഴി തേടാത്തത് ഇത്തരക്കാര്‍ക്കുള്ള ഏറ്റവും വലിയ തണലാണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കേസ് വേണ്ടെന്ന് പറഞ്ഞ സംഭവത്തില്‍ പേരക്കുട്ടിയെ ഉപദ്രവിച്ചത് അച്ഛന്റെ അച്ഛനാണ്. ആരെയാണ് കുഞ്ഞുങ്ങളെ വിശ്വസിച്ച് ഏല്‍പ്പിക്കുക?

ചെറു പ്രായത്തില്‍ തന്നെ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരം ഉപദ്രവങ്ങളെപ്പറ്റി പറഞ്ഞുകൊടുത്തേ മതിയാവൂ. കുഞ്ഞിന്റെ വായ, നെഞ്ച്, കാലുകള്‍ക്കിടയിലെ മുന്‍വശവും പിന്‍വശവും എന്നിവ ഒരിക്കലും മറ്റാരും സ്പര്‍ശിച്ചു കൂടാ എന്ന അറിവ് എത്ര നേരത്തേ കുഞ്ഞിനുണ്ടാവുന്നോ, അത്രയും നല്ലതാണ്. തിരിച്ച് മറ്റൊരു വ്യക്തിയുടെ ആ ഭാഗങ്ങളില്‍ കുഞ്ഞിനെക്കൊണ്ട് തൊടുവിക്കാനും പാടില്ല എന്നതും. ഇതോടൊപ്പം മാതാപിതാക്കള്‍ക്കും, അവരുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍ക്കും ഇവിടങ്ങളില്‍ സ്പര്‍ശിക്കാം എന്ന് പറയാറുണ്ട്. പക്ഷേ, അപ്പോഴും അത് മുതലെടുത്ത് കൊണ്ട് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുന്ന പിതാവും ഡോക്ടറുമില്ലേ എന്ന ചോദ്യവുമുണ്ട്. അവരെക്കുറിച്ച് കുഞ്ഞിന് എന്ത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കും? അവരെ കുഞ്ഞ് അന്ധമായി വിശ്വസിക്കില്ലേ? ഒരിക്കലും കുഞ്ഞിനോട് ‘ആരെയും വിശ്വസിക്കരുത്’ എന്ന് പറഞ്ഞ് കൊടുക്കാനാവില്ല. കുഞ്ഞിന് വിശ്വസിക്കാവുന്ന വിശ്വസ്തതയുള്ള വ്യക്തികള്‍ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം, അവര്‍ക്ക് മനസ്സില്‍ അരക്ഷിതാവസ്ഥ തോന്നുമെന്നത് തീര്‍ച്ചയാണ്. പീഡന താല്‍പര്യവുമായി നടക്കുന്ന വ്യക്തി കുഞ്ഞിന് നല്‍കുന്ന ഉപദേശം പലപ്പോഴും അയാളുടെ അഭിലാഷം നിറവേറ്റാനുള്ളതുമായിരിക്കും. എന്താണ് നമുക്ക് ചെയ്യാനാകുക?

വീട്ടില്‍ നിന്ന് കൃത്യമായ അറിവ് നല്‍കലും, അതിനോടൊപ്പം ചെറിയ ക്ലാസുകളില്‍ തന്നെ പാഠ്യപദ്ധതിയില്‍ നല്ല സ്പര്‍ശവും ചീത്ത സ്പര്‍ശവും നിര്‍ബന്ധമായും ഉള്‍പ്പെടുത്തുകയും വേണം. ദൃശ്യശ്രാവ്യമാധ്യമങ്ങളും പത്രമാസികകളും തുടര്‍ച്ചയായി ഇത്തരം ബോധവല്‍ക്കരണവിഷയങ്ങള്‍ കൈകാര്യം ചെയ്യണം. ഇത്തരത്തില്‍ ഒന്നിലേറെ സ്രോതസുകളില്‍ നിന്ന് വിവരം ലഭിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ശരിതെറ്റുകള്‍ തിരിച്ചറിയാനും ഈ പടുകുഴിയിലേക്ക് എന്നെന്നേക്കുമായി വീണുപോകുന്നതിനു മുന്‍പ് അതില്‍ നിന്നും രക്ഷപ്പെടാനും സാധിക്കും. അവര്‍ക്ക് രക്ഷ നേടാനായി വിളിക്കാനുള്ള 1098 എന്ന ചൈല്‍ഡ്ലൈന്‍ നമ്പര്‍ അവര്‍ക്ക് സുപരിചിതമാക്കി കൊടുക്കും വിധം പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.

കുട്ടികളെ പീഡിപ്പിക്കുന്നവരെ കൊടുംകുറ്റവാളികളെന്നാണ് വിളിക്കേണ്ടത്. തലോടേണ്ട കൈ തെമ്മാടിത്തരം കാണിക്കുമ്പോള്‍ പരമാവധി വേഗത്തില്‍ തന്നെ കടുത്ത ശിക്ഷ ലഭിക്കുന്നു എന്നുറപ്പ് വരുത്തേണ്ടതുണ്ട്. പക്ഷേ, അത്ര സുതാര്യതയും കണിശതയും നമ്മുടെ നിയമവ്യവസ്ഥ എന്ന് നേടുമെന്നറിയില്ല.

നമുക്കും ചിലത് ചെയ്യാനാകും. എത്ര ചെറിയ കുഞ്ഞായാലും സ്വന്തം ശരീരവും പേഴ്സണല്‍ സ്പേസും അവര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാകുന്ന പ്രായം തൊട്ട് പറഞ്ഞ് കൊടുക്കുക. കുഞ്ഞുങ്ങളെ പിറന്ന പടി നടത്തുന്ന പരിപാടി എത്ര ചെറിയ പ്രായമായാലും ചെയ്യാതിരിക്കുക. അഹിതമായി വല്ലതും സംഭവിച്ചാല്‍ വീട്ടില്‍ വന്ന് പറയാന്‍ അവരെ ശീലിപ്പിക്കുക. തുടര്‍ച്ചയായി വിശേഷങ്ങള്‍ തിരക്കിയും അടുപ്പം കാണിച്ചും എന്തും ഏതും വീട്ടില്‍ വന്ന് പറയുന്ന ശീലം സ്വാഭാവികമായിത്തന്നെ വളര്‍ത്തുക. വല്ലതും വന്നുപോയാല്‍ ‘ഒതുക്കി തീര്‍ക്കുന്ന’ രീതി വേണ്ട. കുഞ്ഞിന്റെ സ്വകാര്യത സൂക്ഷിച്ചിരിക്കും. പരാതിയും നടപടിയുമുണ്ടാകണം. ഒത്തു തീര്‍ക്കരുത്, ഒതുക്കിയേക്കണം.

പിഞ്ചുമക്കളുടെ ശരീരത്തെ മാത്രമല്ല, മനസ്സിനെ കൂടിയാണിത്തരം സംഭവങ്ങള്‍ എന്നെന്നേക്കുമായി ബാധിക്കുന്നത്. ഒരായുഷ്‌കാലം മുഴുവന്‍ മനസ്സില്‍ കട്ടിയുള്ള പാട് വീഴും. വിരിയാനൊരുങ്ങുന്ന മൊട്ടുകളാണ്, ആണായാലും പെണ്ണായാലും, അവരെ തല്ലിക്കൊഴിക്കരുത്. ഓരോ തവണ ഇങ്ങനെ സംഭവിക്കുമ്പോഴും അത് നമ്മുടെ സമൂഹത്തിന്റെ കരണത്ത് കൊള്ളുന്ന അടിയാണ്.

ഈ വിഷയം കുഞ്ഞുങ്ങള്‍ക്ക് ലളിതമായി പറഞ്ഞുകൊടുക്കാന്‍ സഹായിക്കുന്ന, ചൈല്‍ഡ്ലൈനിന്റെ കോമള്‍ എന്ന വീഡിയോ പോസ്റ്റില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്. നിര്‍ബന്ധമായും അവര്‍ക്ക് കാണിച്ചു കൊടുക്കുക. കാലം വല്ലാത്തതാണ്. പൊന്നുമക്കളെ കാത്തേ മതിയാകൂ… നമ്മളും നിയമവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :