കൊല്ലം|
jibin|
Last Modified ശനി, 1 ജൂലൈ 2017 (15:53 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിക്കുകയും മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും ചെയ്‌ത നടനും എംഎൽഎയുമായി മുകേഷിനെതിരെ എൽഡിഎഫ് കൊല്ലം ജില്ലാ നേതൃത്വം. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍ഡിഎഫ് കൊല്ലം ജില്ല കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ വ്യക്തമാക്കി.
ഭരണകക്ഷി എംഎല്‍എയായ മുകേഷ് ആരുടെയെങ്കിലും സ്വാധീനത്തിനു വിധേയനായോ എന്നു സംശയിക്കണം. ദിലീപ് അദ്ദേഹത്തിന്റെ സുഹൃത്തായിരിക്കാം, എന്നാല്‍ മുകേഷ് ജനപ്രതിനിധിയാണെന്ന് ഓര്‍ക്കണം. നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും അനിരുദ്ധന്‍ ആവശ്യപ്പെട്ടു.
ദിലീപിന് അനുകൂലമായ നിലപാട് കേസന്വേഷണത്തെ ബാധിക്കും. ഒരു ജനപ്രതിനിധി ഒരിക്കലും അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി പരസ്യമായി പ്രതികരിക്കരുത്. അന്വേഷണം ആര്‍ക്കെതിരെ നടക്കുന്നുവോ അയാള്‍ കുറ്റക്കാരനല്ലെന്ന് പറയുന്നത് നിയമപരമായും ധാർമികമായും ശരിയല്ല. അന്വേഷണം തുടരുകയാണെന്നും അനിരുദ്ധന്‍ പറഞ്ഞു.
അമ്മയുടെ തീരുമാനം അനുസരിച്ച് ദിലീപ് കുറ്റക്കാരനല്ലെന്ന് ഇപ്പോഴെ വിധിച്ചാല്‍ പിന്നെ പൊലീസും കോടതിയും വേണ്ടല്ലോ, എന്നും അവരങ്ങ് വിധിച്ചാല്‍ മതിയല്ലോ. അമ്മയുടെ മെംബറായതുകൊണ്ട്
അമ്മ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കുവെന്നു പറഞ്ഞാല്‍ ഒരു ജനപ്രതിനിധിയാകാന്‍ സാധിക്കില്ലെന്നും അനിരുദ്ധൻ പറഞ്ഞു.