അഭിറാം മനോഹർ|
Last Modified ഞായര്‍, 23 ജനുവരി 2022 (09:44 IST)
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി നടന്‍ ദിലീപ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു.
ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ മൂന്നുദിവസം ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യാാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവങ്ങളിൽ രാവിലെ 9 മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇത് പ്രകാരമാണ് ദിലീപ് ഇന്ന് ഹാജരായത്.
രാത്രി 8 മണിവരെ ചോദ്യം ചെയ്യാം.ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കണമെന്നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നത്.അതുവരെ പ്രതികളെ അറസ്റ്റ് ചെയുന്നതിൽ കോടതിയുടെ വിലക്കുണ്ട്.
ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹാജരാകേണ്ടത്. പ്രതികൾ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്ന് കോടതി സിലീപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം നിലവില്‍ ലഭിച്ച തെളിവുകള്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.