കൊച്ചി|
സജിത്ത്|
Last Updated:
വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (12:07 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി. ഇത്തവണയും വീഡിയോ കോണ്‍ഫറന്‍സിങ് വഴിതന്നെയായിരുന്നു കോടതിയുടെ നടപടികള്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ദിലീപിനെ പൊലീസ് കോടതിയില്‍ ഹാജരാക്കുന്നത്.
അതേസമയം, ദിലീപിനെ ജാമ്യം നല്‍കാതെയും ജയിലില്‍ സന്ദര്‍ശകരെ വിലക്കിയും ജയിലിലിട്ട് മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി താരത്തിന്റെ അനുകൂലികള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ സബ്ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിടുകയും ചെയ്തു.
ഈ കേസില്‍ ദിലീപിന് എതിരായ അന്വേഷണം അനാവശ്യമായി നീളുകയാണെന്ന പരാതിയില്‍ ആലുവ റൂറല്‍ എസ്പിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയേക്കും. തൃശൂരിലെ യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ടായ സലിം ഇന്ത്യയാണ് ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. നടി പീഡിപ്പിക്കപ്പെട്ടു എന്ന് ഇതുവരെയും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
ദിലീപിനെ പൊലീസ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ദിലീപിനോട് തനിക്ക് മുന്‍വൈരാഗ്യം ഇല്ലെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിട്ടുള്ളതും കണക്കിലെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നു. ദിലീപിനെ നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വന്‍ ശക്തികള്‍ അന്വേഷണ സംഘത്തെ സ്വാധീനിക്കുന്നുണ്ടെന്നും ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതായും പരാതിയില്‍ പറയുന്നു.