Sumeesh|
Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (20:47 IST)
പ്രളയത്തെ തുടർന്ന് കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ എ ജോഷി, ബിബിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളായ കമ്മറ്റിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
മുല്ലപ്പെരിയാര്‍ ഒഴികെയുള്ള ഡാമുകളുടെയും ബാരേജുകളുമാണ് വിദഗ്ധ സമിതി സുരക്ഷ സംബന്ധിച്ച് പഠനം നടത്തിയത്.
കേരളത്തിലെ ഡാമുകളും ബാരേജുകളും സുരക്ഷിതമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഡാമുകളുടെയും ബാരേജുകളുടെയും നിലവിലുള്ള സ്പില്‍വേകള്‍ക്ക് സംസ്ഥാനത്തുണ്ടായ പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
പ്രളയത്തിൽ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയര്‍ മാത്രമാണ് കവിഞ്ഞൊഴുകിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. ഡാമിന്റെ സുരക്ഷിതത്വം, ഭൂചലന അവസ്ഥയില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.