Last Modified ഞായര്‍, 7 ഏപ്രില്‍ 2019 (09:53 IST)
ബിജെപി സംസ്ഥാനനേതാക്കള്‍ക്കെതിരായ മെഡിക്കല്‍ കോഴ കേസില്‍ വീണ്ടും പുനഃരന്വേഷണം. സ്വാശ്രയ കോളേജുകളുടെ അംഗീകാരത്തിന് കോഴ വാങ്ങിയെന്ന കേസിലാണ് അന്വേഷണം പുനരാരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനേത്തുടര്‍ന്നാണ് അന്വേഷണം. ചെന്നിത്തലയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.
വര്‍ക്കല എസ് ആര്‍ കോളെജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിക്കാന്‍ കോളേജ് ഉടമയായ ഷാജിയില്‍ നിന്നും ബിജെപി നേതാക്കള്‍ അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ആരോപണം സ്ഥിരീകരിക്കുന്ന ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മറ്റൊരു മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങി നല്‍കാമെന്ന പേരില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പണം വാങ്ങിയെന്ന ആരോപണത്തിലും വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.
കേസ് അന്വേഷിച്ച് വിജിലന്‍സിന് തെളിവുകള്‍ കിട്ടിയിരുന്നില്ല. ബിജെപിയുടെ രണ്ടംഗ അന്വേഷണ കമ്മീഷനുമുന്നില്‍ മൊഴി നല്‍കിയ നേതാക്കള്‍ എല്ലാം വിജിലന്‍സിന് മുന്നില്‍ മൊഴി മാറ്റി. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയിലും വിജിലന്‍സിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് പുറത്തായത് വന്‍വിവാദമാകുകയും ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുകുലുക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബിജെപി നേതാവ് വി വി രാജേഷ് ഈയിടെയാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.