തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കുമെന്നാണ് കാനത്തിന്റെ നിലപാട്,യുഎപിഎ വിഷയത്തിൽ കാനത്തിന് സിപിഎമ്മിന്റെ രൂക്ഷവിമർശനം

അഭിറാം മനോഹർ| Last Modified ശനി, 14 ഡിസം‌ബര്‍ 2019 (14:19 IST)
കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത കേസിൽ പ്രതികളായ അലൻ ഷുഹൈബ്,താഹ ഫൈസൽ എന്നിവരുടെ മാവോയിസ്റ്റ് ബന്ധം ഉറപ്പിച്ച് സി പി എം. വിഷയത്തിൽ സർക്കാറിനെതിരെ വിമർശനം ഉന്നയിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സി പി എം കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

പന്നിയങ്കരയിൽ നടത്തിയ വിശദീകരണത്തിലായിരുന്നു കാനത്തിനെതിരെ സി പി എമ്മിന്റെ രൂക്ഷവിമർശനം. തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാട്. രാജൻ കേസിൽ ഈച്ചരവാര്യരോട് അനീതി കാട്ടിയ സി പി ഐക്ക് പിണറായിയെ വിമർശിക്കാൻ എന്ത് അർഹതയാണുള്ളതെന്നും സി പി എം ചോദിച്ചു. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായ പി കെ പ്രേം നാഥാണ് കാനത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

യു എ പി എ കേസിൽ അറസ്റ്റിലായ രണ്ട് പേർക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് സി പി എം നേതാവ് പറഞ്ഞു. തെളിവുകൾ പോലീസ് സ്രുഷ്ട്ടിച്ചതല്ല. സ്ത്രീകളടക്കമുള്ള 15ഓളം പേരുടെ സാന്നിധ്യത്തിൽ പോലീസ് ആ ചെറുപ്പക്കാരുടെ വീട്ടിൽ നിന്നും കണ്ടെടുത്തതാണ്. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം സ്വയം വിളിച്ചതാണ്. പോലീസ് ഭീഷണിമൂലം വിളിച്ചതെന്ന് പറയുന്നത് ശരിയല്ല. സി പി എം പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടിൽ പോലീസ് റൈഡ് നടത്തിയത്. അവിടെ നിന്നും മാവോയിസ്റ്റ് അനുകൂല രേഖകൾ പിടിച്ചെടുത്തത് ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പ്രേം നാഥ് വിശദീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :