അതീവ അപകടകാരിയായ ഡെല്‍റ്റ പ്ലസ് വകഭേദം; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

രേണുക വേണു| Last Modified ബുധന്‍, 23 ജൂണ്‍ 2021 (08:01 IST)

കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു. അതീവ അപകടകാരിയാണ് ഡെല്‍റ്റ പ്ലസ് വകഭേദം. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി.

കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകയിലായി മൂന്ന് ഡെല്‍റ്റ പ്ലസ് വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഡെല്‍റ്റ പ്ലസ് ആശങ്കയില്‍ പത്തനംതിട്ടയില്‍ ജാഗ്രത ശക്തമാക്കി. പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകള്‍ അടച്ചിടും. ഇന്നുമുതല്‍ ഏഴുദിവസത്തേക്കാണ് അടച്ചിടുക.

ഡെല്‍റ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വകഭേദം കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കുന്നത് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയില്‍ ആദ്യമായി ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വന്ന് ഭേദമായ ശേഷം രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച 65കാരിക്കായിരുന്നു രോഗം. പിന്നാലെ മധ്യപ്രദേശില്‍ നാലുപേരിലും മഹാരാഷ്ട്രയില്‍ 21 പേരിലും സ്ഥിരീകരിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :