കോവിഡ് കേസുകള്‍ കൂടിയാല്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായേക്കാം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 17 ഏപ്രില്‍ 2021 (16:40 IST)

കേരളത്തില്‍ നിലവില്‍ ഓക്‌സിജന്‍ വിതരണത്തിനു കുറവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എന്നാല്‍, രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് തുടര്‍ന്നാല്‍ സ്ഥിതി സങ്കീര്‍ണമാകുമെന്നും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് നടന്ന യോഗത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയിച്ചു. ഓക്‌സിജന്‍ വിതരണത്തില്‍ കേരളത്തെക്കൂടി പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മരണനിരക്ക് ഉയര്‍ന്നിട്ടില്ല. 0.4 ശതമാനമാണ് മരണനിരക്ക്. മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഇതല്ലെന്നാണ് ഇന്നത്തെ യോഗത്തില്‍ നിന്ന് മനസ്സിലായതെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിന്‍ ക്ഷാമമാണ് കേരളത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. കേരളത്തിനു അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വേണം. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 60.84 ലക്ഷം ഡോസ് വാക്‌സിനാണ് കേരളത്തിനു ഇതുവരെ ലഭിച്ചത്. ആറ് ലക്ഷത്തില്‍ താഴെ വാക്‌സിന്‍ ഡോസുകളാണ് ഇനി കേരളത്തില്‍ ബാക്കിയുള്ളത്. വാക്‌സിന്‍ ക്ഷാമമുള്ളതുകൊണ്ടാണ് മെഗാ വാക്‌സിന്‍ യജ്ഞങ്ങള്‍ തുടരാന്‍ സാധിക്കാത്തത്. കോവിഷീല്‍ഡും കോവാക്‌സിനും അടിയന്തരമായി കേരളത്തിനു വേണമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.

സിറോ സര്‍വൈലന്‍സ് സര്‍വേ പ്രകാരം കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11 ശതമാനം പേര്‍ക്ക് മാത്രമാണ്. സംസ്ഥാനത്ത് ശേഷിക്കുന്ന 89 ശതമാനം പേര്‍ക്കും ഇനി രോഗം വരാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനം തടയാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :