രേണുക വേണു|
Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (19:33 IST)
കൊറോണ വൈറസിന് വീണ്ടും ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത കേരളത്തിലുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഡെല്‍റ്റ വകഭേദമാണ് നിലവില്‍ കേരളത്തിലെ രോഗവ്യാപനത്തിനു കാരണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ വൈകിയാണ് ഡെല്‍റ്റ വൈറസ് പിടിമുറുക്കിയത്. രോഗവ്യാപനം ഇനിയും നീണ്ടുനിന്നാല്‍ വൈറസിന് വീണ്ടും ജനിതകമാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ വൈറസിന്റെ ജനിതകമാറ്റത്തിനു സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സ്വാധീനത്താലുള്ള രോഗവ്യാപനം മാത്രമാണ് സംസ്ഥാനത്തുള്ളതെന്നാണ് കണ്ടെത്തല്‍. എന്നാല്‍, രോഗവ്യാപനം നീണ്ടുനില്‍ക്കും തോറും വൈറസിന് ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വെല്ലോര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും വൈറോളജിസ്റ്റുമായ ഗഗന്‍ദീപ് കങ് പറഞ്ഞു.