പാലാ|
jibin|
Last Modified ചൊവ്വ, 25 ഡിസംബര്‍ 2018 (17:58 IST)
സര്‍വ്വീസിനിടെ ബസ് നിര്‍ത്തി സുഹൃത്തുക്കളോട് സംസാരിച്ച നടപടി ചോദ്യം ചെയ്‌ത യാത്രക്കാരനെ
കെഎസ്ആര്‍ടിസി ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. എറണാകുളം - പാലാ റൂട്ടില്‍ ഓടുന്ന ആര്‍എസ്എ 869 നമ്പര്‍ ബസിന്‍റെ ഡ്രൈവര്‍ക്കെതിരെയാണ് പാലാ സ്‌റ്റേഷന്‍ മാസ്‌റ്റര്‍ക്ക് പരാതി ലഭിച്ചിരിക്കുന്നത്.
സംഭവ സമയത്ത് ബസില്‍ യാത്ര ചെയ്‌തിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ബാലു മഹേന്ദ്രയുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് സ്‌റ്റേഷന്‍ മാസ്‌റ്റര്‍ വ്യക്തമാക്കി.
തിങ്കളാഴ്‌ച വൈകിട്ടാണ് പരാതിക്ക് ആസ്‌പദമായ സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് പാലായിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവര്‍ തലയോലപ്പറമ്പിന് അടുത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി സുഹൃത്തുക്കളോട് സംസാരിക്കുകയായിരുന്നു. ബസ് വൈകിയതോടെ യാത്രക്കാര്‍ ഇത് ചോദ്യം ചെയ്തു.
ബസ് എടുക്കണമെന്ന് മുന്‍സീറ്റില്‍ ഇരുന്ന ഒരു യാത്രക്കാരന്‍ ആവശ്യപ്പെട്ടതോടെയാണ് ഡ്രൈവര്‍ സര്‍വ്വീസ് ആരംഭിച്ചത്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുന്നിലെ സ്‌റ്റോപ്പില്‍ ഈ യാത്രക്കാരന്‍ ഇറങ്ങിയതോടെ ബസില്‍ നിന്നും പുറത്തിറങ്ങി വന്ന് ഡ്രൈവര്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
സൗകര്യമുള്ളവള്‍ ബസില്‍ യാത്ര ചെയ്താന്‍ മതിയെന്നും അല്ലാത്തവര്‍ ഇവിടെ ഇറങ്ങിക്കോളാനും യാത്രക്കാരോട്
ഡ്രൈവര്‍ വ്യക്തമാക്കി. ഇതോടെയാണ് സ്‌റ്റേഷന്‍ മാസ്‌റ്റര്‍ക്ക് പരാതി നല്‍കാന്‍ ബാലു അടക്കമുള്ള യാത്രക്കാര്‍ തീരുമാനിച്ചത്.
ബാലു മഹേന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:-
കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടുത്താന്‍ തച്ചങ്കരി കിടന്ന് എന്ത് പുലികളി നടത്തിയാലും ആ സ്ഥാപനം രക്ഷപെടില്ല.. ആദ്യം ജീവനക്കാരുടെ മനോഭാവം മാറണം. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്ര ചെയ്യുന്ന ഒരോയാത്രികനുമാണ് ജീവനക്കാര്‍ക്ക് അരിവാങ്ങാനുള്ള കാശ് നല്‍കുന്നത്. അതിനാല്‍ യാത്രക്കാരന്‍ തന്നെയാണ് കെ.എസ്.ആര്‍.ടി.സിയിലെ രാജാവ്..
ഇതു ഇപ്പോള്‍ പറയുന്നത് ഇന്നലെ ഉണ്ടായ ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്. ക്രിസ്മസിന്റെ തലേന്നായ ഇന്നലെ ഞാന്‍ വൈകിട്ട് ആറുമണിക്ക് ഡ്യൂട്ടി കഴിഞ്ഞ് ഓടിയെത്തിയാണ് കലൂരില്‍ നിന്ന് പ്രൈവറ്റ് ബസില്‍ വൈറ്റില ഹബില്‍ എത്തുന്നത്. കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങി മണിക്കൂറുകള്‍ വൈകിയാണ് ബസ് ഹബ്ബിലെത്തിയത്.. ഈ സമയം പാലായിലേക്കുള്ള പതിവ് ബസുകളെല്ലാം പോയിരുന്നു. ചില ബസുകള്‍ ജീവനക്കാരുടെ കുറവ് മൂലം റദ്ദാക്കിയെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
തുടര്‍ന്ന് കോട്ടയം ബസില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് രാത്രി 7.50ന് പാലാ ഡിപ്പോയിലെ ആര്‍.എസ്.എ 869 -ാം നമ്പര്‍ ബസ് ഹബ്ബില്‍ എത്തുന്നത്. തൃപ്പൂണിത്തറ, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കിടങ്ങൂര്‍ വഴി പാലായിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു ഇത്.. വൈറ്റിലയില്‍ നിരവധി യാത്രക്കാര്‍ ബസില്‍ കയറി.. എനിക്ക് ഇരിക്കാനുള്ള സീറ്റും കിട്ടി.. ടിക്കറ്റ് എടുത്ത് തൃപ്പൂണിത്തറ കഴിഞ്ഞപ്പോള്‍ തന്നെ ഉറങ്ങിപ്പോയിരുന്നു... തുടര്‍ന്ന് ഒരു ബഹളം കേട്ടാണ് ഏഴുന്നേറ്റത്.. അന്നേരം ബസ് തലയോലപ്പറമ്പിന് സമീപമുള്ള റോഡ് അരുകില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ കൂട്ടുകാരോട് കുശലം പറയുകയാണ്..
മിനിട്ടുകള്‍ കഴിഞ്ഞതോടെ യാത്രക്കാര്‍ ഈ സംഭവം ചോദ്യം ചെയ്തു. എല്ലാവര്‍ക്കും വീട്ടില്‍ പോകണം.. പലരും പാലായില്‍ നിന്നുള്ള കണക്ട് ബസുകളില്‍ കയറികൂടാനാണ് ഫാസ്റ്റ്ബസില്‍ ടിക്കറ്റ് എടുത്ത് കയറിയത്.. ഇത് ഇക്കാര്യം ബസിലുണ്ടായിരുന്ന വനിത കണ്ടക്ടറോട് പറഞ്ഞെങ്കിലും അവര്‍ കൈമലര്‍ത്തി.. തുടര്‍ന്ന് ബസിന്റെ മുന്‍പിലിരുന്ന ഒരാള്‍ ഡ്രൈവറോട് ബസ് എടുക്കാന്‍ ഉച്ചത്തില്‍ തന്നെ ആവശ്യപ്പെട്ടു.. ബസിലുള്ള യാത്രക്കാരെ എല്ലാവരെയും പള്ള് വിളിച്ച് ഡ്രൈവര്‍ ബസ് എടുത്തു.
വീണ്ടും ബസില്‍ കിടന്ന് ഉറങ്ങി, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍ വീണ്ടും ബഹളമായി.. ഡ്രൈവറെ ചോദ്യം ചെയ്ത ആള്‍ ആ സ്‌റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവര്‍ ഇറങ്ങി ചെന്ന് അയാളെ ക്രൂരമായി മര്‍ദ്ദിച്ചു.. എല്ലാവരുടെയും മുന്നില്‍ കിടന്ന് അടിവാങ്ങിയതുകൊണ്ടുള്ള അപമാനം കൊണ്ടാണോ എന്ന് അറിയില്ല അയാള്‍ കരഞ്ഞ് കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സൗകര്യമുള്ളവള്‍ ബസില്‍ യാത്ര ചെയ്താന്‍ മതിയെന്നും അല്ലാത്തവര്‍ ഇവിടെ ഇറങ്ങിക്കോണം എന്ന തിട്ടൂരവും പുറപ്പെടുവിച്ച് ഡ്രൈവര്‍ ബസ് എടുത്ത്. എന്നാല്‍, ഞാന്‍ അടക്കമുള്ള ചിലര്‍ ഡ്രൈവറുടെ ഈ തോന്നിവാസം ചോദ്യം ചെയ്തു. ബസില്‍ ബഹളമായി.. ഇതോടെ ബസില്‍ ഇരുന്ന സ്ത്രീകളും കുട്ടികളും പറഞ്ഞു പ്രശ്‌നമുണ്ടാക്കരുത്, അവര്‍ എല്ലാം പാലായിലെത്തി മറ്റുമ ബസുകളില്‍ കയറിപോകാന്‍ ഇരിക്കുന്നതാണെന്ന്. എന്തെങ്കിലും കാരണത്താല്‍ ഈ ബസ് താമസിച്ചാല്‍ ഞങ്ങള്‍ക്ക് വീടുകളില്‍ ചെന്നെത്താന്‍ കഴിയില്ലെന്നും.
ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.. ഇതിനിടെ തന്നെ കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമിലും കോര്‍പറേഷന്‍ സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ ഓഫീസിലും വിളിച്ച് പരാതി അറിയിച്ചു. തുടര്‍ന്ന് ഇവരുടെ നിര്‍ദേശ പ്രകാരം പാലാ ഡിപ്പോയില്‍ ബസ് എത്തിയപ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് എത്തി രേഖമൂലം പരാതി നല്‍കുകയും ചെയ്തു. ബസ് താമസിച്ച് ഡിപ്പോയില്‍ എത്തിയതിനാല്‍ പലര്‍ക്കും ഇന്നലെ വീടുകളില്‍ എത്താനുള്ള ബസുകള്‍ കിട്ടിയില്ല. ക്രിസ്മസ് ആയിട്ടും ഞാനും യാത്രക്കാരായ നാലു പേരും ചേര്‍ന്ന് ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.. ഇവരെ പരസ്പരം എനിക്ക് അറിയുകകൂടി ഇല്ല.. ഇന്നലെ ആ ബസില്‍ ഉണ്ടായിരുന്ന ആരെങ്കിലും ഈ പോസ്റ്റ് വായിക്കുകയാണെങ്കില്‍ ഇന്‍ബോക്‌സില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു..
ഇന്ന് രാവിലെ കെ.എസ്.ആര്‍.ടി.സിയുടെ യൂണിയനുകളില്‍പെട്ട മഹാന്‍മാര്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം മൊബൈല്‍ ഫോണില്‍ വിളി തുടങ്ങിയിട്ടുണ്ട്.. ഏതായാലും അടികൊണ്ട പേരറിയാത്ത ആ സഹോദരനുവേണ്ടി പരാതി ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് തീരുമാനം.. മര്‍ദ്ദനത്തിന്റെ വീഡിയോ കിട്ടാനായി ഏറ്റുമാനൂരിലെ കടക്കാരോട് സി.സി.ടി.വി ദൃശ്യങ്ങള്‍ തരാമോയെന്നും രാവിലെ ചോദിച്ചിട്ടുണ്ട്. ഈ ഗുണ്ടായിസം ഇന്ന് പൂട്ടിയില്ലെങ്കില്‍ നാളെ എനിക്കും നിങ്ങള്‍ക്കും നേരെ ഇവന്‍മാര്‍ കൈ ഉയര്‍ത്തും... അതിനാല്‍ കുറച്ച് നാള്‍ വെള്ളം കുടിച്ച് നടക്കട്ടെ.