നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യർ അധിക്ഷേപിക്കപ്പെടാത്ത നാളെയ്ക്കായി ഒന്നിച്ച് നിൽക്കാം: സുധാകരന് മറുപടിയായി മുഖ്യമന്ത്രിയുടെ നെൽസൺ മണ്ടേല ജന്മദിന പോസ്റ്റ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ജൂലൈ 2022 (18:26 IST)
മഹിളാ കോൺഗ്രസ് മാർച്ചിൽ മുൻ മന്ത്രി എംഎം മണിയെ ചിമ്പാൻസിയാക്കി ചിത്രീകരിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി. വർണവിവേചനത്തിനെതിരെ പോരാടിയ നെൽസൺ മണ്ടേലയുടെ ജന്മദിനത്തിൽ അദ്ദേഹത്തിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടി. എംഎം മണിയെ ചിമ്പാൻസിയാക്കി ചിത്രീകരിച്ച നടപടിയിൽ മഹിള കൊൺഗ്രസ് മാപ്പ് പറഞ്ഞെങ്കിലും എംഎം മണിയെ വംശീയമായി അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെൽസൺ മണ്ടേലയുടെ ജന്മദിനമാണിന്ന്. ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കാനുള്ള സമരമാണ്. സ്വാതന്ത്ര്യത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യർക്ക് എക്കാലവും പ്രചോദനമായ മണ്ടേലയുടെ ജീവചരിത്രം ഈ വേളയിൽ ഓർക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം.

അതോടൊപ്പം ഇന്നും തുടരുന്ന വംശീയവാദത്തിനും വർണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യർ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും സമഭാവനയും നിറഞ്ഞ ലോകത്തിനായി ഒരുമിച്ചു നിൽക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :