ചാലക്കുടി|
സജിത്ത്|
Last Modified ഞായര്‍, 1 ഒക്ടോബര്‍ 2017 (10:17 IST)
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ അങ്കമാലി സ്വദേശി ജോണി രാജ്യം വിട്ടെന്ന് സൂചന. കേസിലെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന ഇയാൾക്ക് ഓസ്ട്രേലിയ, യുഎഇ, തായ്ലൻഡ് എന്നീ രാജ്യങ്ങളുടെ വിസയുണ്ടെന്നും പൊലീസ് പറയുന്നു. ഇയാൾക്കായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അങ്കമാലി നായത്തോട് സ്വദേശിയായ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് രാജീവിനെ കാണാനില്ലെന്ന് മകന് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പും രാജീവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായും മകന് പൊലീസിന് മൊഴി നല്കി.
സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിനു പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. പൊലീസ് സംരക്ഷണത്തിനായി ഹൈക്കോടതിയിൽ ഹർജി നല്‍കിയയാളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ രാജീവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കിയതിന് പകരമായാണ് തനിക്കെതിരെ ഹൈക്കോടതിയില്‍ പരാതി കൊടുത്തതെന്നാണ് അഡ്വ.ഉദയഭാനു പറഞ്ഞത്.