തിരുവനന്തപുരം|
Last Modified വെള്ളി, 25 ജൂലൈ 2014 (12:34 IST)
അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. രൂക്ഷമായ വിലക്കയറ്റം തടയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം വേണമെന്ന് പറഞ്ഞ് വന്‍ തോതില്‍ കടം വാങ്ങി രാജ്യത്തെ വിദേശികള്‍ക്ക് അടിയറവയ്ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്.
ജനജീവിതം ദുസഹമാക്കിക്കൊണ്ട് വിലക്കയറ്റം കുതിച്ചുയരുകയാണ്. അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനത്തിന്റെയും വില വന്‍തോതില്‍ വര്‍ധിച്ചു. രൂക്ഷമായ ഈ വിലക്കയറ്റത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണ്. ഒരു തരത്തിലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ നേരിടുന്ന സാധാരണക്കാരെ വീണ്ടും പിഴിയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുവഴി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനങ്ങളോട് യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മന്ത്രിസഭ പുന:സംഘടനയുടെ പേരു പറഞ്ഞ് അഴിമതി മൂടിവയ്ക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും വി എസ് പറഞ്ഞു.
പൊതുബജറ്റിലും റെയില്‍ ബജറ്റിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ വിഹിതം പോലും ഇക്കുറി ലഭിച്ചിട്ടില്ല. വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന എയിംസ് അനുവദിച്ചില്ലെന്നും വിഎസ് പറഞ്ഞു.