aparna|
Last Modified ചൊവ്വ, 16 ജനുവരി 2018 (10:06 IST)
'എന്നാലും എന്റെ ഏഷ്യാനെറ്റേ നിങ്ങളുടെ വെബ്ഡെസ്കിൽ മാന്യതയുള്ള ആരുമില്ലേ?' ചോദിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരം സി കെ വിനീത് ആണ്. കോപ്പലാശാൻ ബ്ലാസ്റ്റേഴ്സ് വിടാൻ കാരണം സി കെ വിനീത് ആണെന്ന തലക്കെട്ടോടു കൂടിയുള്ള റിപ്പോർട്ട് ആണ് വിനീതിനെ ചൊടിപ്പിച്ചത്.
എഴുതിയ വാർത്തയിൽ പക്ഷേ തലക്കെട്ടുമായി ബന്ധിപ്പിക്കാവുന്ന കാര്യങ്ങൾ ഇല്ല. ഇതാണ് വിനീത് ചോദ്യം ചെയ്തിരിക്കുന്നത്.' എന്നാലും എന്റെ ഏഷ്യാനെറ്റേ, സത്യായിട്ടും ഞാൻ ഒന്ന് പേടിച്ചു. ആ ഹെഡ്‌ലൈനിൽ ഇത്തിരി മാന്യത കാണിക്കാമായിരുന്നു. നിങ്ങളുടെ വെബ്‌ഡെസ്‌കിൽ ആ സാധനം ഉള്ള ആരും ഇല്ലേ?' എന്നായിരുന്നു വിനീതിന്റെ ചോദ്യം.
വിനീതിന്റെ വാക്കുകൾ വളരെ പെട്ടന്നായിരുന്നു വൈറലായത്. ഒടുവിൽ ചാനൽ തങ്ങളുടെ തെറ്റ് തിരുത്തുകയും ചെയ്തു. വിനീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏതായാലും ചാനലിനെ ചോദ്യം ചെയ്ത സി കെ വിനീതിന്റെ പോസ്റ്റിനു സോഷ്യൽ മീഡിയകളിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇവർ വാർത്ത നൽകിയിരുന്നു. സെക്രട്ടറിയെറ്റിൽ സമരമിരിക്കുന്ന ശ്രീജിത്തിന്റെ അമ്മ ഇളയമകൻ ശ്രീജീവിന്റെ നീതിക്കായി കാലു പിടിച്ച് കരഞ്ഞിട്ടും മുഖ്യമന്ത്രി കനിഞ്ഞില്ലെന്ന് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, വാർത്തയിൽ പറയുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണോ പിണറായി വിജയൻ ആണോയെന്ന കാര്യത്തിൽ യതോരു വ്യക്തതയുമില്ലായിരുന്നു.