കൈക്കൂലിക്കേസ്: സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനു കഠിനതടവ്

കൈക്കൂലി കേസില്‍ ഉദ്യോഗസ്ഥന് കഠിനതടവ്

കൊച്ചി| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (12:22 IST)
കൈക്കൂലി കേസില്‍ പിടിയിലായ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനു ഒരു വര്‍ഷത്തെ കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. തൃശൂര്‍ കല്ലൂര്‍ മുട്ടിത്തൊടി ടോജി സെബാസ്റ്റ്യന്‍ എന്ന 47 കാരനാണു എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതി ശിക്ഷ വിധിച്ചത്.

2005 ല്‍ സപ്ലൈക്കോയുടെ വിവിധ ശാഖകളിലേക്ക് കറിപൌഡര്‍ വിതരണം ചെയ്യാനുള്ള കമ്പനിയില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് സെബാസ്റ്റ്യനെ ശിക്ഷിച്ചത്. കരാറില്‍ യോഗ്യത നേടിയ കമ്പനിയില്‍ നിന്ന് വെല്ലിഗ്ടണ്‍ ഐലന്‍റ്റിലെ അസിസ്റ്റന്‍റ് മാനേജരായിരുന്നപ്പോഴാണ് സെബാസ്റ്റ്യന്‍ കൈക്കൂലി വാങ്ങിയത്.

പ്രതി പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി ശിക്ഷ അനുഭവിക്കണം. സി ബി ഐ ഇന്‍സ്പെക്‌ടര്‍ കെ ജി ഡാര്‍വിനാണു അഴിമതി നിരോധന നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :