അഭിറാം മനോഹർ|
Last Modified ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (08:11 IST)
ഗുരുവായൂരില്‍ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണമേളം. 351 കല്യാണങ്ങളാണ് ഇന്ന് മാത്രം കണ്ണന്റെ നടയില്‍ നടക്കുന്നത്. ഇതിനായി 6 മണ്ഡപങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പുലര്‍ച്ചെ നാല് മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. ടോക്കണ്‍ കൊടുത്താകും വധൂവരന്മാരെ മണ്ഡപത്തില്‍ കയറ്റുക. ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം കൂടുതല്‍ പോലീസുകാരെയും തിരക്ക് കണക്കിലെടുത്ത് വിന്യസിക്കാനാണ് തീരുമാനം.
ഇന്ന് റെക്കോര്‍ഡ് വിവാഹങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ചിങ്ങമാസത്തിലെ ഓണക്കാലത്തിന് മുന്‍പുള്ള ഞായറാഴ്ചയും അവധിയും ആയതാണ് ഇന്ന് കല്യാണങ്ങള്‍ വര്‍ധിക്കാന്‍ കാരണം. താലിക്കെട്ട് നടക്കുന്നതിന് മുന്‍പ് വരെ ശീട്ടാക്കാന്‍ സൗകര്യമുള്ളതിനാല്‍ കല്യാണങ്ങളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
ഊഴമായാല്‍ മണ്ഡപത്തിലെത്തി താലികെട്ട് കഴിഞ്ഞ് തെക്കേ നട വഴി മടങ്ങണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവാദമില്ല. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ 24 പേര്‍ക്ക് മാത്രമാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുക. ദര്‍ശനത്തിനുള്ള ഭക്തരെ പുലര്‍ച്ചെ നിര്‍മാല്യം മുതല്‍ കൊടിമരത്തിന് സമീപം വഴി നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.