വയനാട്|
സജിത്ത്|
Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (12:35 IST)
അറുപത്തിരണ്ടാം വയസ്സില്‍ കുഞ്ഞിനു ജന്മം നല്‍കിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച മൂവാറ്റുപുഴ കാവുംകര സ്വദേശിനിയായ റിട്ട. അധ്യാപിക
ഭവാനിയമ്മ (76) അന്തരിച്ചു. അസുഖം കൂടുതലായതിനെ തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച മേപ്പാടിയിലെ ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടീച്ചര്‍, തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
വാര്‍ദ്ധക്യകാലത്ത് ടെസ്റ്റ് ട്യൂബ് ശിശുവിനു ജന്മം നല്‍കുകയും ആ കുഞ്ഞ് ഒന്നര വയസ്സില്‍ മരിക്കുകയും ചെയ്തതോടെ അനാഥയായ ടീച്ചറുടെ ജീവിത കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടാം പിറന്നാളിന് മുമ്പായിരുന്നു ഭവാനി ടീച്ചർക്ക് കണ്ണനെ നഷ്ടമായത്. ബക്കറ്റിലെ വെളളത്തിൽ വീണായിരുന്നു കുട്ടി മരിച്ചത്.
ഒരു കുഞ്ഞിക്കാല്‍ കാണാന്‍ വേണ്ടി ഭവാനി ടീച്ചർക്ക് നാല് പേരെ വിവാഹം കഴിക്കേണ്ടി വന്നു. എങ്കിലും നിരാശയായിരുന്നു ഫലം. തുടന്നാണ് ടെസ്റ്റ് ട്യൂബ് ബീജസങ്കലനത്തിലൂടെ 2004 ഏപ്രില്‍ 14ന് ഭവാനിയമ്മ കുഞ്ഞിനു ജന്മം നല്‍കിയത്. കണ്ണന്റെ വേർപാടിന് ശേഷം 2011ൽ മൂവാറ്റുപുഴയിൽ നിന്ന് വയനാട്ടിലേക്കെത്തിയ ടീച്ചര്‍ മാനന്തവാടിയിലെ അമ്പുകുത്തിയിലെ വാടക വീട്ടിലായിരുന്നു താമസം.