12 നു തന്നെ ബാര്‍ പൂട്ടണം: ഹൈക്കോടതി

ബാര്‍ ലൈസന്‍സ്, ഹൈക്കോടതി, സര്‍ക്കാര്‍
കൊച്ചി| VISHNU.NL| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (08:00 IST)
സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിന് ഹൈക്കൊടതിയുടെ പച്ചക്കൊടി. സര്‍ക്കാര്‍ നടപടിക്കെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി സര്‍ക്കാരിന് അനുകൂലമായ നിലപാട് എടുത്തത്. സംസ്ഥാനത്ത് പഞ്ചനക്ഷത്രമൊഴികെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കാന്‍ തടസ്സമില്ലെന്നു പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.

സര്‍ക്കാര്‍ ഈ വര്‍ഷത്തെ അബ്കാരി നയം പ്രഖ്യാപിക്കുകയും ചട്ടഭേദഗതിയിലൂടെ അതു നിയമമാക്കുകയും ചെയ്ത സാഹചര്യത്തില്‍ നോട്ടിസില്‍ ഇടപെടാന്‍ പ്രഥമദൃഷ്ട്യാ കാരണമില്ലെന്നു കോടതി വ്യക്തമാക്കി.
സര്‍ക്കാരിന്റെ പുതിയ മദ്യനയവും അടച്ചുപൂട്ടല്‍ നോട്ടിസും ചോദ്യം ചെയ്യുന്ന അപ്പീലുകളും ഹര്‍ജികളും ഒന്നിച്ചു പരിഗണിച്ചാണു ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് പിബി സുരേഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പഞ്ചനക്ഷത്രം ഒഴികെയുള്ള ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നോട്ടിസ് നല്‍കിയതോടെയാണു ബാറുടമകള്‍ കോടതിയിലെത്തിയത്.

സര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണു സ്റ്റേ ആവശ്യം കോടതി തള്ളിയത്. മദ്യനയം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ലെന്നും യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഉണ്ടായിരുന്നതാണെന്നും അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി ബോധിപ്പിച്ചു.

ബാര്‍ ലൈസന്‍സിന്റെ കാര്യത്തില്‍ സ്റ്റാര്‍ പദവി പ്രസക്തമല്ല. സര്‍ക്കാര്‍/സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യമേഖലയുമായി മല്‍സരിക്കുന്ന മദ്യവിപണന മേഖലയില്‍ സര്‍ക്കാര്‍ മേഖലയ്ക്കു പ്രയോജനം കിട്ടുന്ന തരത്തില്‍ സ്വകാര്യമേഖലയോടു വിവേചനം പാടില്ലെന്നും ബാറുടമകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചതു കോടതി അംഗീകരിച്ചില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :