സുപ്രീംകോടതി നൽകിയത് എട്ടിന്റെ പണി; മദ്യവിൽപ്പനയിലെ പ്രതിസന്ധി നേരിടാൻ വഴി തേടി സർക്കാർ, സർവകക്ഷി യോഗം വിളിക്കാൻ സാ‌ധ്യത

കിട്ടിയത് എട്ടിന്റെ പണി, മറികടക്കാൻ മാർഗം തേടി സർക്കാർ

തിരുവനന്തപുരം| aparna shaji| Last Updated: തിങ്കള്‍, 3 ഏപ്രില്‍ 2017 (13:11 IST)
പാതയോരത്തെ മദ്യവിൽപ്പന ശാലകൾ മാറ്റിസ്ഥാപിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ വെട്ടിലായിരിക്കുന്നത് സർക്കാർ ആണ്. വിധി നടപ്പിലാക്കി തുടങ്ങിയതോടെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിസന്ധികൾ മറികടക്കാന്‍ വഴി തേടുകയാണ് സർക്കാർ.

സുപ്രീംകോടതി
മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി വേണ്ടെന്നുളള സര്‍ക്കുലര്‍ ഇതിനോടനുബന്ധിച്ച്‌സര്‍ക്കാര്‍ പുറത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്. കൂടാതെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാനും സാധ്യതകൾ കാണുന്നുണ്ട്. വരുമാന നഷ്ടവും ക്രമസമാധാന പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് യോഗം വിളിക്കുന്നത്.

അവശേഷിക്കുന്ന ബിവറേജുകളില്‍ വര്‍ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും ധാരണയായിട്ടുണ്ട്. കുറച്ചുകൂടി സമയം നീട്ടിത്തരണമെന്ന് വ്യക്തമാക്കി സുപ്രീംകോടതിയെ സമീപിയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയാണ്. മൂന്ന് മാസം കൂടി കാലാവധി നീട്ടിത്തരണമെന്നാണ് സർക്കാരിന്റെ ആവശ്യം.

ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനോടും അഡ്വക്കേറ്റ് ജനറലിനോടും എക്‌സൈസ് വകുപ്പ് നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറവില്‍പ്പനശാലകള്‍ മാറ്റാനാണ് സാവകാശം ചോദിക്കുക.

ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കി മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താന്‍ കൂടുതല്‍ സമയംവേണമെന്ന ആവശ്യം കോടതി സ്വീകരിക്കുമെന്നാണ് സർക്കാർ കരുതുന്നത്. മദ്യശാലകള്‍ പൂട്ടിയത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :