മാണിയുടെ വീട്ടിലേക്ക് യുവമോര്‍ച്ചാ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു

ബാര്‍ കോഴ , പൊലീസ് , കെഎം മാണി , യുവമോര്‍ച്ചാ , സംഘര്‍ഷം
പാലാ| jibin| Last Modified വെള്ളി, 30 ജനുവരി 2015 (12:15 IST)
ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട ധനമന്ത്രി കെഎം മാണിയുടെ പാലായിലെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നൂറോളം വരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.


യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ മാര്‍ച്ച് നടക്കുന്നതിനെ തുടര്‍ന്ന് മാണിയുടെ വീടിന് സമീപം പൊലീസ് നിലയുറപ്പിച്ചിരുന്നു. പൊലീസ് ബാരിക്കേഡിന് മുകളിലൂടെ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ജലപീരങ്കി ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ പൊലീസ് എത്തിച്ചിരുന്നു.

പാലായില്‍ ഇന്ന് വൈകിട്ട് നടക്കുന്ന ഒരു ചടങ്ങില്‍ മാണി പങ്കെടുക്കുമെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മാണിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. അതേസമയം എന്ത് തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായാലും ചടങ്ങില്‍ മാണി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മാണി പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും പ്രതിഷേധം നടത്തുമെന്ന് സിപിഎമ്മും അറിയിച്ചിട്ടുണ്ട്.

അതേസമയം മാണി പാലായിലെ വസതിയില്‍ എത്തിയിട്ടില്ല. അദ്ദേഹം എറണാകുളത്തെ മകളുടെ വസതിയിലാണ് ഇപ്പോള്‍ ഉള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :