മാണി കടുത്ത ഭാഷയില്‍; മധ്യമേഖലാ ജാഥ മാത്രം മാറ്റിയാല്‍ പോര

ബാര്‍ കോഴ , യുഡിഎഫ് , കേരളാ കോണ്‍ഗ്രസ് (എം) , കെഎം മാണി , മധ്യമേഖലാ ജാഥ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 11 മെയ് 2015 (09:40 IST)
ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയുടെ ആവശ്യത്തെ ഭാഗികമായി അംഗീകരിച്ച് മധ്യമേഖലാ ജാഥകള്‍ മാറ്റിവെക്കാമെന്ന മുന്നണി തീരുമാനത്തെ തള്ളി കേരളാ കോണ്‍ഗ്രസ് രംഗത്ത്. മാത്രം മാറ്റിയാല്‍ പോരെന്നാണ് അവസാനമായി മാണിയും സംഘവും അറിയിച്ചിരിക്കുന്നത്.

വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് ജാഥ മാറ്റിവെക്കണമെന്നാണ് കെ എം മാണി ആവശ്യപ്പെടുന്നത്. കുടുംബപരമായ ആവശ്യത്തിന് ദുബായിലേക്ക് തിരിക്കുന്ന മാണി ഈയാഴ്ച അവസാനമേ മടങ്ങിയെത്തൂ.പതിമൂന്നിന് ജോസ് കെ മാണിയും ദുബായിലേക്ക് പോകും. ഈ സാഹചര്യത്തിലാണ് മാണിയുടെ വ്യക്തിപരമായ ആവശ്യം കണക്കിലെടുത്ത് മധ്യമേഖലാ ജാഥമാത്രം മാറ്റി പ്രശ്‌നപരിഹാരം മുന്നണി നേതൃത്വം ആലോചിച്ചത്. പക്ഷേ മധ്യമേഖല ജാഥമാത്രം മാറ്റുന്നതിനോട് കേരളാ കോണ്‍ഗ്രസ് എം പൂര്‍ണ്ണമായി വിയോജിക്കുകയാണ്.

ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയുടെ ആവശ്യത്തെ അംഗീകരിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ വിഎം സുധീരനും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയതോടെ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. പാര്‍ട്ടി ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ട് പോയാല്‍ കടുത്ത നിലപാടിലേയ്ക്ക് നീങ്ങാനാണ് തങ്ങളുടെ തീരുമാനമെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ജാഥകൾ ഒരുകാരണവശാലും മാറ്റിവയ്ക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ആവശ്യപ്പെട്ടിരുന്നു. ജാഥയുമായി ബന്ധപ്പെട്ട് ആരുടെയും സമ്മർദ്ദത്തിന് വഴങ്ങേണ്ട കാര്യമില്ലെന്നും കെപിസിസി നേതൃയോഗത്തിൽ സുധീരൻ വ്യക്തമാക്കി. അതിനാല്‍ നേരത്തെ നിശ്ചയിച്ച പോലെ 19 മുതല്‍ 25 വരെ ജാഥ നടത്തണമെന്നാണ് കെപിസിസി തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാര്‍കോഴക്കേസ് അന്വേഷണം കഴിഞ്ഞു മതി മേഖലാ ജാഥകള്‍ എന്ന കെ എം മാണിയുടെ ആവശ്യത്തോട് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. മുന്നണിയിലെ പ്രബല ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്-എം ഇല്ലാതെ എങ്ങനെ മേഖലാ ജാഥ നടത്തുമെന്ന് ഒരു വിഭാഗം ചോദിക്കുബോള്‍ ഘടക കക്ഷിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണു മറുപക്ഷം പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പൊതുവികാരം. പ്രഖ്യാപിച്ച ജാഥകള്‍ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്നും ഇത് മുന്നണിയിലെ ഭിന്നത പരസ്യമാകുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :