കോണ്‍ഗ്രസിന്റെ നെഞ്ചിലേക്ക് തീ കോരിയിട്ട് മാണി; ചതിച്ചവരെ ‘കൊല്ലാതെ കൊല്ലാന്‍’ കേരളാ കോണ്‍ഗ്രസ് നീക്കം

മുന്നണി മാറില്ല എന്ന നിലാപാടില്‍ തന്നെയാണ് മാണി

ജിയാന്‍ ഗോണ്‍‌സാലോസ്| Last Modified തിങ്കള്‍, 25 ജൂലൈ 2016 (19:48 IST)
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍‌വിക്ക് ശേഷം ചേര്‍ന്ന നിര്‍ണായകമായ യുഡിഎഫ് യോഗത്തില്‍ നിന്നും കേരളാ കോണ്‍ഗ്രസും (എം‌) വിട്ടുനിന്നത് വരാനിരിക്കുന്ന യുദ്ധത്തിന്റെ തുടക്കം മാത്രം. ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിലെ ഒരു വിഭാഗവുമാണെന്ന കെഎം മാണിയുടെ വിശ്വാസത്തിന് അടിവരയിടുന്നതായിരുന്നു ഇന്നത്തെ സംഭവം.

യുഡിഎഫ്
ഭരണകാലത്ത് ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് ചെന്നിത്തലയെ മുഖ്യമന്ത്രിയായി അവരോധിക്കാന്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നീക്കം ശക്തമാക്കിയിരുന്നുവെന്നും ഈ നീക്കത്തിന് കെഎം മാണി പിന്തുണച്ചിരുന്നില്ല. ഇതിനേത്തുടര്‍ന്നാണ് ബിജു രമേശിനെ ചട്ടുകമാക്കി ചിലര്‍ ബാര്‍ കോഴ ആരോപണം പുറത്തു വിട്ടതെന്നുമാണ് കേരളാ കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിഛായയിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

തനിക്ക് പറയാന്‍ സാധിക്കാത്തതും എന്നാല്‍ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങളും പിസി ജോര്‍ജിനെ കൊണ്ട് വിളിച്ചു പറയിച്ചിരുന്ന മാണിക്കിന്ന് അത്തരമൊരു നേതാവിന്റെ കുറവുണ്ട്. മാണിക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയും അര്‍ഹതയുമുണ്ടെന്നടക്കമുള്ള വിവാദ പ്രസ്‌താവനകള്‍ മാണിയുടെ ആശീവര്‍ദത്തോടെയാണ് ജോര്‍ജ് പറഞ്ഞിരുന്നത്. പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ തനിക്കായി വാദിക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തിലായി പാലായുടെ നാഥന്‍.

പാര്‍ട്ടിയെ നാണം കെടുത്തിയ ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് മാണി പറയാതെ പറയുന്നുണ്ടെങ്കിലും ഒന്നും വ്യക്തമാക്കാന്‍ ഒരുക്കമല്ല. മുന്നണി ബന്ധങ്ങള്‍ തകരാന്‍ മാത്രമെ ആ തുറന്നു പറച്ചില്‍ സഹായകമാകുകയുള്ളൂവെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. എന്നാല്‍ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹച്ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തതാണ് കേരളാ കോണ്‍ഗ്രസിനെ ചൊടുപ്പിച്ചത്. ഇതോടെ നിര്‍ണായകമായ യുഡിഎഫ് യോഗത്തിന് മുമ്പായി
പ്രതിഛായയിലൂടെ എല്ലാം തുറന്നു പറയുകയും ചെയ്‌തു.


കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെങ്കിലും മുന്നണി മാറില്ല എന്ന നിലാപാടില്‍ തന്നെയാണ് മാണിയും സംഘവും. എന്നാല്‍, കോണ്‍ഗ്രസിനെ ഭയത്തിന്റെ മുള്‍‌മുനയില്‍ നിര്‍ത്തുക എന്ന ലക്ഷ്യവും മാണിക്കുണ്ട്. ദേശീയ തലത്തില്‍ തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസിന് മാണിയുമായുള്ള ബന്ധം തകര്‍ക്കുക എന്നത് ഓര്‍ക്കാന്‍ പോകുമാകാത്ത കാര്യമാണ്. ബിജെപിയുടെ ക്ഷണത്തെ സ്‌നേഹത്തോടെ മാനിക്കുന്നുവെന്നും എന്നാല്‍ മുന്നണി വിടാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നുമുള്ള അദ്ദേഹത്തിന്റെ മറുപടി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അടക്കമുള്ളവരെ സമ്മര്‍ദ്ദത്തിലാക്കിയും ഭയപ്പെടുത്തിയും സാഹചര്യങ്ങള്‍ അനുകൂലമാക്കാം എന്ന നിലപാടിലാണ് ഇപ്പോള്‍ മാണിയുള്ളത്. കോണ്‍ഗ്രസിന് തങ്ങളെ തള്ളി മുന്നോട്ടു പോകാന്‍ സാധിക്കില്ല എന്ന ഉറപ്പുമുള്ളതിനാല്‍ പ്രതിഷേധാത്മക നിലപാടുമായി മുന്നോട്ടു പോകാം എന്നാണ് കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതിനാലാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാതിരുന്ന മാണിയെ ചെന്നിത്തല ഫോണില്‍ വിളിച്ചുവെങ്കിലും സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചത്. പതിവിന് വിപരീതമായി പിജെ ജോസഫും മാണിക്കൊപ്പം നില്‍ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


കോണ്‍ഗ്രസ് സ്വേച്ഛാധിപത്യ പാര്‍ട്ടിയല്ലെന്നും ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നുമാണ് മാണി പറയുന്നത്. ബാര്‍ കോഴയില്‍ ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ അറിയാമെങ്കിലും വ്യക്തമാക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. സ്‌റ്റിയറിംഗ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് ചതിയന്മാരുടെ കൂട്ടമാണെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. എന്നാല്‍, മാണി വിഷയത്തില്‍ ഒരു തുറന്നു പറച്ചിലിന് ഒരുക്കമല്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :