തിരുവനന്തപുരം|
Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (14:41 IST)
മുക്ക് പണ്ട പണയ തട്ടിപ്പിലൂടെ 28 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബാങ്കിലെ അപ്രൈസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉള്ളൂര്‍ ശാഖയില്‍ അപ്രൈസറായി കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന അയ്യപ്പന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം ചെന്തിട്ട സ്വദേശിയാണിയാള്‍.
ബാങ്ക് ഇടപാടുകാരുടെ പേരില്‍ അവര്‍ അറിയാതെ മുക്ക് പണ്ടം ഒറിജിനല്‍ സ്വര്‍ണ്ണാഭരണം ആണെന്ന് സര്‍ട്ടിഫൈ ചെയ്ത് പണയം വച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി. 85 ഓളം ലോണുകളിലായി 150 പവനോളം തൂക്കം വരുന്ന മുക്ക് പണ്ടങ്ങളാണ് ഇയാള്‍ ഇത്തരത്തില്‍ ബാങ്കില്‍ ഈടുവച്ച് 28 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടക്കുന്ന ഇയാളുടെ തട്ടിപ്പില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സൈബര്‍ സിറ്റി സബ് ഡിവിഷന്‍ പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രമോദ് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.