രേണുക വേണു|
Last Modified വ്യാഴം, 25 ജൂലൈ 2024 (09:22 IST)
സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അര്‍ജുന്റെ അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യുട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. അര്‍ജുന്റെ മാതൃസഹോദരിയാണ് പരാതിക്കാരി.
വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.
അര്‍ജുന്റെ അമ്മ സൈന്യത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവര്‍ക്കെതിരെ തിരിഞ്ഞത്. അര്‍ജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നാണ് അമ്മ ഷീല പറഞ്ഞത്. അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്.